September 15, 2025

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം ; നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍, ഉത്തരവിറക്കി ആരോഗ്യവകുപ്പ്

Share

 

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം പടർന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നീന്തല്‍ കുളങ്ങള്‍ക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ നിയപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാല്‍ കർശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തല്‍ കുളങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.

 

ഉത്തരവിൻറെ പകർപ്പ് ലഭിച്ചു. അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് വ്യാപിക്കുന്നത് ആശങ്കയ്ക്കൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയും ഉയർത്തുകയുമാണ്.

 

ഈ സാഹചര്യത്തിലാണ് നീന്തല്‍ കുളങ്ങള്‍ വഴിയും രോഗം പിടിപെടുമെന്ന് മുന്നറിയപ്പ് നല്‍കി കൊണ്ട് കഴിഞ്ഞ മാസം 27ന് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.

 

ആക്കുളത്തെ നീന്തല്‍ക്കുളത്തില്‍ നിന്ന് പതിനേഴുകാരന് അമീബിക് മസ്തിഷ്ക്ക ജ്വരം റിപ്പോർട്ട് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്ബ് തന്നെ ഉത്തരവിറങ്ങിയിരുന്നു.

 

പൊതു ജനാരോഗ്യ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെജെ റീനയാണ് ഉത്തരവിറക്കിയത്.നീന്തല്‍ കുളങ്ങളിലെ ജലം എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്യണം.

 

ഒരു ലിറ്ററിന് ചുരുങ്ങിയത് ദശാംശം അഞ്ച് മില്ലി ഗ്രാം എന്ന തരത്തില്‍ ക്ലോറിൻറെ അളവ് നിലനിർത്തണം.

 

ഓരോ ദിവസവും ഇക്കാര്യം നിർദ്ദിഷ്ട രജിസ്റ്ററില്‍ രേഖപ്പെടുത്തണം. പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്ബോള്‍ ഈ രജിസ്റ്റര് ഹാജരാക്കണം.

 

റിസോർട്ടുകള്‍, ഹോട്ടലുകള്‍, വാട്ടർ തീം പാർക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ ചുമതലക്കാർ നിർദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

 

ഈ നിർദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതാത് പ്രദേശങ്ങ ളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര് പരിശോധിച്ച്‌ ആഴ്ച തോറും സംസ്ഥാന സർവെയലൻസ് ഓഫീസർക്ക് റിപ്പോർട്ട് നല്‍കണം.

 

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം പ്രൊസിക്യുഷൻ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

 

നിലവില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കോഴിക്കോട് ജില്ലയില്‍ മാത്രം പത്ത് പേരാണ് ചികിത്സയിലുള്ളത്.

 

ഇതില്‍ നാല് കുട്ടികളും ഉള്‍പ്പെടും. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയായ മുപ്പതുകാരി സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.

 

വയനാട്, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവർക്കാണ് രോഗബാധ. ഒരു മാസത്തിനിടെ ആറു പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം മരിച്ചത്.

 

രോഗലക്ഷണവുമായി എത്തുന്ന എല്ലാവരുടെയും സ്രവം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിൻറെ നിർദേശം.


Share
Copyright © All rights reserved. | Newsphere by AF themes.