പ്ലസ് വൺ രണ്ടാം സപ്ലിമെൻ്ററി അലോട്മെന്റിന് വെള്ളിയാഴ്‌ച വൈകീട്ട് നാലുവരെ അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അലോട്മെന്റ് കിട്ടാത്തവർക്കും അപേക്ഷിക്കാൻ കഴിയാത്തവർക്കും ഇന്ന് ( ബുധനാഴ്ച ) രാവിലെ 10 മുതൽ വെള്ളിയാഴ്ച വൈകീട്ട് നാലുവരെ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനായി അപേക്ഷിക്കാം. സീറ്റൊഴിവുള്ള സ്കൂളുകളുടെ വിശദാംശങ്ങൾ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിലുണ്ട് (hscap.kerala. gov.in).
നേരത്തേ അപേക്ഷിച്ചവർ സീറ്റൊഴിവുള്ള സ്കൂളു കളിലേക്ക് ഓപ്ഷൻനൽകി അപേക്ഷ പുതുക്കണം. ഇതുവരെ അപേക്ഷിക്കാത്തവർ പുതിയ അപേക്ഷ നൽകണം. എസ്സി, എസ്ടി വകുപ്പുകളുടെ മോഡൽ റെസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളുകളിലെ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനും ഇപ്പോൾ അപേക്ഷിക്കാം.
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും അലോട്മെന്റ് ലഭിച്ചിട്ടും സ്കൂളിൽ ചേരാത്തവർക്കും പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അപേക്ഷിക്കാൻ അനുമതിയില്ല. രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് 16-നു പ്രസിദ്ധീകരിച്ചേക്കും. അതനുസരിച്ച് 18-നു വൈകുന്നേരംവരെ സ്കൂളിൽ ചേരാം. ഏകജാലകം വഴി മെറിറ്റിൽ പ്രവേശനം നേടിയവർക്ക് ആവശ്യമെങ്കിൽ സ്കൂളും
വിഷയവും മാറാൻ (ട്രാൻസ്ഫർ അലോട്മെന്റ്) 19 മുതൽ 21 വരെ അപേക്ഷനൽകാം.