July 8, 2025

സ്‌കൂളുകളില്‍ ഇനി എല്ലാ മാസവും പരീക്ഷ ; എല്ലായിടത്തും ഒരേ ചോദ്യപേപ്പര്‍

Share

 

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി മുതല്‍ എല്ലാ മാസവും ക്ലാസ് ടെസ്റ്റുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് തീരുമാനം. പരീക്ഷകള്‍ക്കുള്ള ഏകീകൃത ചോദ്യപേപ്പര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലായിരിക്കും തയ്യാറാക്കുക. പഠനത്തില്‍ പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സമഗ്ര ഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

 

അതേസമയം, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പഠന നേട്ടങ്ങളുടെ സര്‍വേയില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയത് സംസ്ഥാനത്ത് സ്‌കൂള്‍ തലത്തില്‍ വിപുലമായി ആഘോഷിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി ഈ മാസം പത്താം തീയതി വിജയാഹ്ലാദ ദിനം ആചരിക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.സ്‌കൂളുകളില്‍ സ്പെഷ്യല്‍ അസംബ്ലിയും ഉണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.

 

അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ പകര്‍പ്പ് വിദ്യാര്‍ഥികള്‍ക്കും നല്‍കും. ഡി.ഡി.ഇ, എ.ഇ.ഒ, ഡി.ഇ.ഒ എന്നിവര്‍ കൃത്യമായ ഇടവേളകളില്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കും. ഭിന്നശേഷി നിയമനം അടക്കമുള്ള ഫയലുകളില്‍ ഒരുകാരണവശാലും കാലതാമസം വരുത്തരുതെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. എല്ലാ വിദ്യാഭ്യാസ ഓഫിസുകളിലും അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പര്യാപ്തമായ ഫ്രണ്ട് ഓഫിസ് ഉണ്ടാകണം. സ്‌കൂളുകളില്‍ ഓഗസ്റ്റ് 15നകം സ്‌കൂള്‍ ന്യൂട്രീഷന്‍ ഗാര്‍ഡന്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.