ആദിവാസിയുവാവിൻ്റെ മരണം കൊലപാതകം : ബന്ധു ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

അമ്പലവയൽ : മലയച്ചംകൊല്ലി ഉന്നതിയിലെ കുട്ടന്റെ മകൻ ബിനു (25) വിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരീഭർത്താവ് മലയച്ചംകൊല്ലി വിനോദ് (39), അയൽക്കാരായ കോട്ടപ്പറമ്പിൽ പ്രജിൽദാസ് (30), മുരണി പ്രശാന്ത് (30), പുറ്റാട് ചിറയിൽ ബേബി (ജോജു-49) എന്നിവരെ അമ്പലവയൽ പോലീസ് അറസ്റ്റുചെയ്തു.
തിങ്കളാഴ്ചയാണ് ബിനുവിനെ മലയച്ചംകൊല്ലി ഉന്നതിയുടെ സമീപത്തെ കാപ്പിത്തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീര ത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണ് മർദനത്തിലും തുടർന്ന് മരണത്തിലും കലാശിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.