മാനന്തവാടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ റവന്യു ഇൻസ്പെക്ടർ അറസ്റ്റിൽ

മാനന്തവാടി : കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ റവന്യു ഇൻസ്പെക്ടർ വിജിലൻസിൻ്റെ പിടിയിൽ. മാനന്തവാടി നഗരസഭാ റവന്യു ഇൻസ്പെക്ടർ എം.എം. സജിത്‌കുമാറാണ് അറസ്റ്റിലായത്. ധനകാര്യസ്ഥാപനത്തിലുണ്ടായിരുന്ന ബാധ്യത തീർക്കാൻ സ്ഥലം വിൽക്കാൻ ശ്രമിച്ചയാളോടാണ് സജിത്ത് കൈക്കൂലി ആവശ്യപ്പെട്ടത്. വസ്തു വിൽപ്പനയ്ക്കു മുന്നോടിയായി സ്ഥലത്തെ മണ്ണു നീക്കം ചെയ്തയാളോട് പതിനായിരം രൂപയാണ് ആവശ്യപ്പെട്ടത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണു നീക്കം ചെയ്തതു സംബന്ധിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും നാല്പതിനാ യിരം രൂപ പിഴയടക്കേണ്ട കേസ് പതിനായിരം രൂപയ്ക്കു ഒഴിവാക്കിത്തരാമെന്നുമാണ് പരാതിക്കാരനെ അറിയിച്ചത്. തുടർന്ന് ഇദ്ദേഹം വിജിലൻസിനെ സമീ പിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ നിർദേശിച്ച പ്രകാരം പരാതിക്കാരൻ റോഡരികിൽ സജിത്തിനെ കാത്തു നിന്നു.
കൈക്കൂലി വാങ്ങുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഉദ്യോഗസ്ഥർ സജിത്തിനെ കസ്റ്റഡിയിലെടുത്തത്. സജിത്ത് പണം ഉപേക്ഷിച്ച് ഓടിപ്പോകാൻ ശ്രമിച്ചു. പിന്തുടർന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു. സജിത്തിനെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നു വിജിലൻസ് ഉദ്യോ ഗസ്ഥർ പറഞ്ഞു.