സ്പേയ്സ് ഡോക്കിങ് എന്ന ചരിത്രനേട്ടത്തില്‍ ഇന്ത്യ : നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം

ബംഗളൂരു: ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്സിപിരിമെന്റ് (സ്പെയ്ഡെക്സ്) ഐ.എസ്.ആർ.ഒ.വിജയകരമായി പൂർത്തിയാക്കി. സ്പെയ്ഡെക്സ് ദൗത്യം വ്യാഴാഴ്ച വിജയകരമായിരുന്നെന്ന് ഐ.എസ്.ആർ.ഒ. ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച പേടകങ്ങളെ മൂന്ന് മീറ്റർ അകലത്തില്‍ എത്തിക്കാൻ സാധിച്ചതായി ഐ.എസ്.ആർ.ഒ. അറിയിച്ചിരുന്നു. ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് പിന്നീട് ജനുവരി ഒമ്ബതിലേക്ക് മാറ്റിവെച്ചു. ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിലെത്തിക്കാനുള്ള ശ്രമം ആദ്യം പാളിയിരുന്നു. ഇതേ തുടർന്ന് ഡോക്കിങ് പരീക്ഷണ വീണ്ടും മാറ്റിവെച്ചു. അന്നത്തെ പിഴവ് പരിഹരിച്ചാണ് ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിലേക്കും പിന്നീട് മൂന്ന് മീറ്ററിലേക്കും എത്തിക്കാൻ ഐഎസ്‌ആർഒയ്ക്ക് സാധിച്ചത്.
ബഹിരാകാശത്തുവെച്ച് രണ്ട് ഉപഗ്രഹ ഭാഗങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള (ഡോക്കിങ് ) സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് സ്പെയ്ഡെക്സ്. 2024 ഡിസംബർ 30-ന് സതീഷ് ധവാൻ ബഹിരാകാശ നിലയത്തില്‍ നിന്നാണ് സ്പെയ്ഡെക്സ് ദൗത്യത്തിനുള്ള റോക്കറ്റ് വിക്ഷേപിച്ചത്. ഗഗൻയാൻ, ചന്ദ്രനില്‍ നിന്ന് സാമ്ബിള്‍ ഭൂമിയിലെത്തിക്കാനുള്ള ദൗത്യം, ബഹിരാകാശ നിലയം എന്നിവ ഉള്‍പ്പടെ ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യ ആവശ്യമാണ്.
ബഹിരാകാശത്ത് അതിവേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന രണ്ട് പേടകങ്ങള്‍ കൂട്ടിച്ചേർക്കുന്ന ഡോക്കിങ് സീൻ- അതിസങ്കീർണ്ണമായൊരു സാങ്കേതിക വിദ്യ. യു.എസും റഷ്യയും ചൈനയും അടക്കം ലോകത്ത് ആകെ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രം സാധ്യമായത്. ഈ രാജ്യങ്ങള്‍ക്ക് പുറമേ ഇലോണ്‍ മസ്കിന്റെ സ്പെയ്സ് എക്സ് മാത്രമാണ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയത്. ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച് ഇന്ത്യയും സ്പെയ്സ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്.
എന്താണ് സ്പേയ്സ് ഡോക്കിങ്?
രണ്ടുവ്യത്യസ്ത പേടകങ്ങള്‍ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിനെയാണ് സ്പെയ്സ് ഡോക്കിങ് എന്ന് പറയുന്നത്. ഇന്ത്യ ഈ ദൗത്യത്തിന് നല്‍കിയ പേരാണ് സ്പെയ്ഡെക്സ് അഥവാ സ്പെയ്സ് ഡോക്കിങ് എക്സ്പിരിമെന്റ്. ഇന്ത്യയുടെ ഭാവി ബഹിരാകാശദൗത്യങ്ങളില്‍ നിർണായകമാണ് ഈ ദൗത്യം.
ദൗത്യത്തിന്റെ ആദ്യഘട്ടം രണ്ട് ചെറുഉപഗ്രഹങ്ങളുടെ വിക്ഷേപണമായിരുന്നു. 220 കിലോഗ്രാം ഭാരമുള്ള ഉപഗ്രങ്ങള്‍ പി.എസ്.എല്‍.വി. 60 വിക്ഷേപണവാഹനത്തില്‍ ഡിസംബർ 30-ന് വിക്ഷേപിച്ചു. എസ്.ഡി.എക്സ്-01, എസ്.ഡി.എക്സ്-02 എന്നീ ഉപഗ്രഹങ്ങളാണ് വിജയകരമായി ബഹിരാകാശത്ത് എത്തിച്ചത്. ഇവയെ യഥാക്രമം ചേസർ, ടാർഗറ്റ് എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ഇതിനൊപ്പം മറ്റ് 24 പരീക്ഷണോപകരണങ്ങള്‍ കൂടി പി.എസ്.എല്‍.വി. ഭ്രമണപഥത്തില്‍ എത്തിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിന്റെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു പി.എസ്.എല്‍.വി 60 കുതിച്ചുയർന്നത്. ഭൂമിയില്‍നിന്ന് 476 കിലോമീറ്റർ മാത്രം ഉയരെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിച്ചത്. റോക്കറ്റിന്റെ മുകള്‍ഭാഗം അതിനും താഴെ 355 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ഭൂമിയെ ചുറ്റിയത്. പി.എസ്. ഫോർ ഓർബിറ്റർ എക്സ്പിരിമെന്റ് മൊഡ്യൂള്‍ അഥവാ പോയം-4 എന്നാണ് ഇതിനെ വിളിക്കുന്നത്.
20 കിലോമീറ്റർ അകലത്തിലാണ് ആദ്യം ഉപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റിയത്. ഇത് ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവന്നാണ് കൂട്ടിയോജിപ്പിക്കല്‍ സാധ്യമാക്കിയത്. ആദ്യം ജനുവരി ഒമ്ബതിന് ആയിരുന്നു കൂട്ടിയോജിപ്പിക്കല്‍ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് രണ്ട് തവണ മാറ്റിവെച്ചശേഷമാണ് വ്യാഴാഴ്ച ഇത് യാഥാർഥ്യമാക്കിയത്. ഐ.എസ്.ആർ.ഒയുടെ ബെംഗളൂരു പീനിയയിലെ ടെലിമട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കില്‍നിന്നാണ് ശാസ്ത്രജ്ഞർ പേടകങ്ങളെ നിയന്ത്രിച്ചത്.
ഡോക്കിങ് വിജയകരമായതിനു ശേഷം അണ്‍ഡോക്കിങ്ങും പരീക്ഷിക്കുമെന്നാണ് ഐ.എസ്.ആർ.ഒ അറിയിച്ചിരുന്നത്. ഊർജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകംപോലെ പ്രവർത്തിച്ചശേഷം ഉപഗ്രഹങ്ങളെ വേർപ്പെടുത്തുന്നതിനെയാണ് അണ്‍ഡോക്കിങ് എന്നുവിളിക്കുന്നത്. വേർപ്പെടുത്തിയ ഭാഗങ്ങള്‍ രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി രണ്ടുവർഷത്തോളം പ്രവർത്തിക്കും.
സ്പേയ്സ് ഡോക്കിങ്ങിൻറെ പ്രാധാന്യം
ഒറ്റ ദൗത്യത്തിന് പലപേടകങ്ങള്‍ ലോഞ്ച് ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിലാണ് ഡോക്കിങ് സാങ്കേതികവിദ്യയുടെ സഹായം ആവശ്യമായി വരിക. ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാനിന്റെ അടുത്തഘട്ടത്തിന് ഡോക്കിങ് സാങ്കേതികവിദ്യ നിർണായകമാണ്. ചന്ദ്രനിലിറങ്ങി പാറയും മണ്ണും ശേഖരിക്കുകയാണ് ചന്ദ്രയാൻ-4 ന്റെ ലക്ഷ്യം. ഇതിനായി രണ്ടു പേടകങ്ങള്‍ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള റോക്കറ്റുകള്‍ക്ക് വഹിക്കാവുന്നതിനേക്കാള്‍ ഭാരം ചന്ദ്രയാൻ പേടകത്തിനുണ്ടാവും എന്നതുകൊണ്ടാണ് രണ്ടായി വിക്ഷേപിക്കുന്നത്. ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിച്ചശേഷം ചന്ദ്രനിലേക്ക് പ്രയാണം തുടരും.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗൻയാനിനും സ്പെയ്സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്നപേരില്‍ ഇന്ത്യ വിഭാവനംചെയ്യുന്ന ബഹിരാകാശനിലയം നിർമിക്കാനും ഈ സാങ്കേതിക വിദ്യ ആവശ്യമാണ്. പലതവണയായി വിക്ഷേപിക്കുന്ന വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേർത്തുകൊണ്ടാവും ബഹിരാകാശനിലയം നിർമിക്കുക.
ദൗത്യത്തിന്റെ ഭാഗമായി മറ്റ് രണ്ട് നിർണായക നേട്ടങ്ങളും ഐ.എസ്.ആർ.ഒ. സ്വന്തമാക്കി. ബഹിരാകാശത്ത് പയർവിത്തുകള്‍ മുളപ്പിച്ചതാണ് ഇതില്‍ പ്രധാനം. ഗുരുത്വാകർഷണബലം ഇല്ലാത്ത ബഹിരാകാശത്ത് നാലുദിവസങ്ങള്‍ കൊണ്ടാണ് എട്ടുപയർവിത്തുകള്‍ മുളപ്പിച്ചത്. പോയെം- ഫോറിലെ, 24 പരീക്ഷണ ഉപകരണങ്ങളിലൊന്നായ കോംപാക്റ്റ് റിസർച്ച് മൊഡ്യൂള്‍ ഫോർ ഓർബിറ്റർ പ്ലാന്റ് സ്റ്റഡീസ് ഉപയോഗിച്ചാണ് വിത്തുകള്‍ മുളപ്പിച്ചത്. തുമ്ബയിലെ വിക്രം സാരാഭായ് സ്പേസ് സെന്റർ ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
വിവിധ ആവശ്യങ്ങള്‍ക്കായി ബഹിരാകാശത്ത് സ്ഥാപിച്ച യന്ത്രക്കൈയുടെ പരീക്ഷണവും വിജയമായിരുന്നു. തിരുവനന്തപരുത്തെ ഐ.എസ്.ആർ.ഒ. ഇനേർഷ്യല്‍ സിസ്റ്റംസ് യൂണിറ്റാണ് യന്ത്രക്കൈ വികസിപ്പിച്ചത്. ബഹിരാകാശത്ത് പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ റോബോട്ടാണ് റീ ലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റർ. ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സാങ്കേതിക വിദ്യയുള്ളത്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്ത് വൻകുതിച്ചുചാട്ടത്തിന് ഇടയാക്കുന്നതാണ് സ്പെയ്ഡെക്സ് ദൗത്യം. പരീക്ഷണത്തോടെ സ്വന്തമായി ബഹിരാകാശ നിലയമെന്ന ഇന്ത്യയുടെ വലിയ സ്വപ്നത്തിലേക്കുള്ള ദൂരം കുറയുകയാണ്.