March 19, 2025

എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് ; രജിസ്‌ട്രേഷന്‍ ഡിസംബര്‍ 30 മുതൽ

Share

 

2024-25 അധ്യയന വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ 2025 ഫെബ്രുവരി 27നു നടക്കും. രാവിലെയും ഉച്ചയ്ക്കുമുള്ള രണ്ട് പേപ്പറുകളായാണ് പരീക്ഷ.

 

സ്‌കോളര്‍ഷിപ്പ്

 

യു.എസ്.എസ് വിജയികള്‍ക്ക് തുടര്‍പഠനത്തിനായി 1500 രൂപയും എല്‍.എസ്.എസ് വിജയികള്‍ക്ക് 1000 രൂപയും പ്രതിവര്‍ഷം ലഭിക്കും. മൂന്നുവര്‍ഷമാണ് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുക.

 

എല്‍.എസ്.എസ്

 

കേരളത്തിലെ ഗവണ്‍മെന്റ/എയ്ഡഡ്/ അംഗീകാരമുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നാലാം ക്ലാസില്‍ പഠിക്കുന്നവരും രണ്ടാം ടേം പരീക്ഷയില്‍ മലയാളം, ഇംഗ്ലിഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളില്‍ ‘എ’ ഗ്രേഡ് നേടിയിട്ടുള്ള വരുമായ വിദ്യാര്‍ഥികള്‍ക്കാണ് യോഗ്യത. ഉപജില്ലാതല കലാ, കായിക, പ്രവൃത്തി പരിചയ, ഗണിത, സോഷ്യല്‍ സയന്‍സ് മേളകളില്‍ ഏതെങ്കിലും ഇനത്തില്‍ ‘എ’ ഗ്രേഡോ ഒന്നാം സ്ഥാനമോ ലഭിച്ചവര്‍ക്ക് മേല്‍ പറഞ്ഞ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ‘ബി’ ഗ്രേഡ് ലഭിച്ചാലും അപേക്ഷിക്കാം. ഒന്നാം ഭാഷയും (മലയാളം /കന്നട / തമിഴ്) ഇംഗ്ലിഷും പൊതുവിജ്ഞാനവുമടങ്ങിയ ഒന്നാം പേപ്പറും പരിസര പഠനവും ഗണിതവുമടങ്ങിയ രണ്ടാം പേപ്പറുമടങ്ങിയതാണ് പരീക്ഷ. ഓരോ പേപ്പറിനും ഒന്നര മണിക്കൂറാണ് സമയം. രണ്ട് പേപ്പറിലും പരമാവധി 40 മാര്‍ക്ക് വീതം. വിശദമായ പരീക്ഷ ഘടന വിജ്ഞാപനത്തിലുണ്ട്. രണ്ടു പേപ്പറിനും കൂടി 60 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് ലഭിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.

 

യു.എസ്.എസ്

 

കേരളത്തിലെ ഗവണ്‍മെന്റ/എയ്ഡഡ്/ അംഗീകാരമുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കാണ് യു.എസ്.എസ് പരീക്ഷയ്ക്ക് യോഗ്യത. ഏഴാം ക്ലാസ്സിലെ രണ്ടാം ടേം പരീക്ഷയില്‍ ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനമാക്കിയാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. എല്ലാ വിഷയങ്ങളിലും ‘എ’ ഗ്രേഡ് നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. എന്നാല്‍ സബ്ജില്ലാ കലാ, കായിക, പ്രവൃത്തി പരിചയ, ഗണിത, സോഷ്യല്‍ സയന്‍സ്, വിദ്യാരംഗം മേളകളില്‍ ‘എ’ ഗ്രേഡ്/ഒന്നാംസ്ഥാനം നേടിയവര്‍ക്ക് ഭാഷാ വിഷയങ്ങളില്‍ രണ്ട് പേപ്പറുകള്‍ക്ക് ‘എ’ ഗ്രേഡും ഒന്നിന് ‘ബി’ ഗ്രേഡും ശാസ്ത്ര വിഷയങ്ങള്‍ക്ക് രണ്ടെണ്ണത്തിന് ‘എ’ ഗ്രേഡും ഒന്നിന് ‘ബി’ ഗ്രേഡും ലഭിച്ചാലും അപേക്ഷിക്കാം.

 

ഒന്നാം ഭാഷയും ഗണിതവുമടങ്ങിയ ആദ്യ പേപ്പറും ഇംഗ്ലിഷ്, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നിവയടങ്ങിയ രണ്ടാം പേപ്പറുമടങ്ങിയതാണ് പരീക്ഷ. ഒന്നാം പേപ്പറില്‍ 50 ചോദ്യങ്ങളും രണ്ടാം പേപ്പറില്‍ 55 ചോദ്യങ്ങളുമുണ്ടാകും. ആദ്യ പേപ്പറിലെ ഒന്നാം ഭാഷയുടെ പാര്‍ട്ട് ബി ‘ബി’യിലും രണ്ടാം പേപ്പറിലെ അടിസ്ഥാന ശാസ്ത്രത്തിലും ചോയ്‌സുണ്ടാകും. ആകെ 90 ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്. ഒരു ചോദ്യത്തിന് ഒരു മാര്‍ക്ക് വീതം. നെഗറ്റീവ് മാര്‍ക്കില്ല.

 

ഓരോ പേപ്പറിനും 90 മിനിട്ട് സമയമുണ്ടാകും. രണ്ട് പേപ്പറുകള്‍ക്ക് കൂടി 90 മാര്‍ക്കില്‍ 63 മാര്‍ക്കോ (70 ശതമാനം ) അതില്‍ കൂടുതലോ കിട്ടിയാല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാകും. ഓരോ വിദ്യാഭ്യാസ ജില്ലയില്‍നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ 40 കുട്ടികളെ (സംവരണ തത്വങ്ങള്‍ പാലിച്ചു കൊണ്ട് ) തെരഞ്ഞെടുത്ത് പ്രതിഭാധനരായി പ്രഖ്യാപിക്കും.

 

രജിസ്‌ട്രേഷന്‍

 

പഠിക്കുന്ന സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകരാണ് അര്‍ഹരായ കുട്ടികളുടെ പേര് വിവരങ്ങള്‍ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡിസംബര്‍ 30 മുതല്‍ ജനുവരി 15 വരെയാണ് രജിസ്റ്റര്‍ ചെയ്യാം. പ്രത്യേക രജിസ്‌ട്രേഷന്‍ ഫീസില്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.