September 20, 2024

വയനാട്ടില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലെത്തിച്ച് വില്‍പ്പന ; ഒരാൾ കൂടി പിടിയിൽ 

1 min read
Share

 

കല്‍പ്പറ്റ : വയനാട്ടില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലെത്തിച്ച് വില്‍പന നടത്തുന്ന സംഘത്തില്‍ ഒരാളെ കൂടി വയനാട് പോലീസ് പിടികൂടി. തൃശൂര്‍, വാടാനപ്പള്ളി, അമ്പലത്തുവീട്ടില്‍ എ.എസ്. മുഹമ്മദ് ഷഫീക്ക് (24) നെയാണ് ഗുരുവായൂര്‍ അമ്പല കിഴക്കേനടയിലെ ലോഡ്ജില്‍ നിന്നും പിടികൂടിയത്.

 

വയനാട് ജില്ലാ മേധാവി ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും, കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.എ സന്തോഷിന്റെയും നേതൃത്വത്തിലുള്ള സംഘവും തൃശ്ശൂര്‍ പോലീസിന്റെ സഹായത്തോടുകൂടിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് മാസത്തില്‍ കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിക്കപ്പ് വാഹനം മോഷണം പോയ സംഭവത്തിലാണ് അറസ്റ്റ്. ഷഫീക്കിന് വടകര പോലീസ് സ്റ്റേഷനില്‍ കൊലപാതകം, തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, കളവ് തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.

 

കുറ്റകൃത്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ രീതി. ‘ഗ്രിന്‍ഡര്‍’ എന്ന ആപ്ലിക്കേഷന്‍ മുഖാന്തിരം തട്ടിപ്പ് നടത്താന്‍ പദ്ധതി ഇടുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഈ ആപ്പ് വഴി ആളുകളുമായി ബന്ധം സ്ഥാപിച്ച് അവരുമായി കുടിക്കാഴ്ച നടത്തി നഗ്‌ന വീഡിയോസും ഫോട്ടോയും എടുത്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമായിരുന്നു. ഇയാളുടെ ചതിക്കെണിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്.

 

കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ മാര്‍ച്ച് മാസം മൂന്നിന് കമ്പളക്കാട്, അമ്പലച്ചാല്‍ എന്ന സ്ഥലത്ത് ക്വാര്‍ട്ടേഴ്സിന് മുമ്പില്‍ പാര്‍ക്ക് ചെയ്ത അശോക് ലെയ്ലാന്‍ഡ് ദോസ്ത് വാഹനമാണ് മോഷണം പോയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നീട്, ജൂലൈ 13നും 14നുമിടയില്‍ മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലും, ജൂലൈ 19നും 20നുമിടയില്‍ തൊണ്ടര്‍നാട് സ്റ്റേഷന്‍ പരിധിയിലും പിക്കപ്പുകള്‍ മോഷണം പോയി. സമാന രീതിയിലാണ് വാഹനമോഷണങ്ങളെന്നതിനാല്‍, പിന്നില്‍ ഒരേ സംഘമാവാം എന്ന നിഗമനത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്കാണ് കടത്തിയതെന്ന് വ്യക്തമാകുകയും, പ്രതികളേയും വാഹനത്തെയും കണ്ടെത്തുന്നതിനായി പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

 

നിരവധി സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളും വാഹനങ്ങള്‍ പൊളിച്ച് വില്‍പന നടത്തുന്ന സംഘങ്ങളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടര്‍ന്ന്, മേട്ടുപാളയം, കുറുവനൂര്‍ എന്ന സ്ഥലത്ത് വെച്ച് പിക്കപ്പ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംഭവത്തിലെ പ്രധാന പ്രതികളായ സുജേഷ് കുമാറിനെ എറണാകുളത്ത് നിന്നും അബ്ദുള്‍ സലാമിനെ പാലക്കാട് നിന്നും പിടികുടി. പിന്നീടുള്ള അന്വേഷണത്തിലാണ് കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിക്കപ്പ് വാഹനം മോഷണം പോയ സംഭവത്തില്‍ മുഹമ്മദ് ഷഫീക്കിനുള്ള പങ്ക് വ്യക്തമാകുന്നത്.

 

മേപ്പാടി കുന്നമ്പറ്റ ഗ്രൗണ്ടിന് സമീപത്ത് നിന്നും മോഷണം പോയ പിക്ക് അപ്പും പ്രതികള്‍ സഞ്ചരിച്ച സ്പ്ളണ്ടര്‍ ബൈക്കും കണ്ടെടുത്തിട്ടുണ്ട്. ഈ ബൈക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും മോഷണംപോയതാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.