ദ്വാരക എ.യു.പി സ്‌കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം : നിരവധി കുട്ടികള്‍ ചികിത്സ തേടി
മാനന്തവാടി : ദ്വാരക എയുപി സ്‌കൂളിലെ നിരവധി കുട്ടികള്‍ ശാരീരികാസ്വാസ്ഥ്യം മൂലം ചികിത്സ തേടി. നിലവില്‍ 30 ഓളം കുട്ടികളാണ് പീച്ചങ്കോട് പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇവിടെ ഡോക്ടര്‍മാരടക്കം ജീവനക്കാര്‍ കുറവായതിനാല്‍ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ മറ്റ് ആതുരാലയങ്ങളില്‍ നിന്നുള്ള ജീവനക്കാരെയെത്തിച്ചാണ് പരിശോധനാ സൗകര്യം ഒരുക്കിയത്. പിന്നീട് കുട്ടികളെ കൂടുതല്‍ സൗകര്യാര്‍ത്ഥം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂടുതല്‍ കുട്ടികള്‍ നിലവില്‍ ഇരു ആശുപത്രികളിലുമായി വന്ന് കൊണ്ടിരിക്കുന്നുണ്ട്.
സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ചവര്‍ക്കാണ് ചര്‍ദ്ദിയും, പനിയുമടക്കമുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോറും സാമ്പാറും മുട്ടയും വാഴക്കാ തോരനുമായിരുന്നു കുട്ടികള്‍ കഴിച്ചിരുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെ പത്തരയോടെ സ്‌കൂളില്‍ വന്ന കുട്ടികളില്‍ ചിലര്‍ക്ക് ഛര്‍ദിയും പനിയും വന്നത്. പിന്നീട് വൈകീട്ടോടെ കൂടുതല്‍ കുട്ടികള്‍ക്ക് പ്രശ്‌നങ്ങളുണ്ടായി. ഭക്ഷ്യ വിഷബാധയാണ് പ്രാഥമിക സൂചനയെന്നും ഔദ്യോഗിക സ്ഥിരീകരണം മറ്റ് പരിശോധനകള്‍ക്ക് ശേഷമേ ഉറപ്പാകൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.