എരനെല്ലൂരിൽ കിണർ നിർമാണത്തിനിടെ അപകടം : ഒരാൾ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
പനമരം : എരനെല്ലൂരില്‍ കിണറിന്റെ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര ചൂരപ്പട്ട ആരക്കോട് മുഹമ്മദ് (42) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൂടെ അപകടത്തില്‍പ്പെട്ട അതിഥി തൊഴിലാളികളായ അമിത് കിദു, അബിന്‍ ബുര്‍ഹ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനിടെ മൂവരും ചവിട്ടിനിന്ന പലക തെന്നിമാറിയാണ് അപകടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആഴമുള്ള കിണിറ്റിലേക്ക് വീണ ഇവരില്‍ അതിഥി തൊഴിലാളികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് മാനന്തവാടിയില്‍ നിന്നുമെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളാണ് കിണര്‍ വെള്ളത്തില്‍ അകപ്പെട്ട് കിടന്നിരുന്ന മുഹമ്മദിനെ പുറത്തെടുത്തത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദിന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.