കാറ്റും മഴയും : പനമരത്ത് 1000 വാഴകൾ നിലംപൊത്തി
പനമരം : കൊടുംവേനലിന് കുളിരേകിയെത്തിയ വേനൽമഴയിൽ പനമരം പഞ്ചായത്തിലെ 20-ാം വാർഡ് എടത്തംകുന്നിൽ വൻനാശം. കുലച്ച് മൂപ്പെത്താറായ ആയിരം നേന്ത്രവാഴകൾ നിലംപൊത്തി. എടത്തംകുന്ന് പുതിയവീട് ജയചന്ദ്രൻ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ ഒരുഏക്കർ വയലിലെ വാഴകളാണ് ഒടിഞ്ഞുവീണത്. 1100 വാഴകളാണ് ജയചന്ദ്രൻ നട്ടത്. അതിൽ ഭൂരിഭാഗവും നശിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണീ കർഷകൻ. ശേഷിക്കുന്നവയും ഒടിഞ്ഞു വീഴൽ ഭീഷണിയിലാണ്.
കൃഷിയിടത്തിന് സമീപത്തെ പഞ്ചായത്ത് കിണറിൽ നിന്നും വെള്ളം കോരിനനച്ച്
കടന്നുപോയ കൊടുംവേനലിനെയും അതിജീവിച്ച വാഴകളാണിത്. എന്നാൽ കഴിഞ്ഞദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തുകയായിരുന്നു. കാറ്റിൽ വീഴാതിരിക്കാൻ കുത്ത് കൊടുത്ത് കയർ കെട്ടിയിരുന്നു. എന്നാൽ അതും പരിഹാരമായില്ല. വേനലിൽ ഭൂമി വരണ്ടതിനെത്തുടർന്നെത്തിയ ശക്തമായ മഴയിൽ മണ്ണിളകുന്നതാവാം ഇത്തരത്തിൽ വാഴകൾ ഒടിയാൻ ഇടയാക്കുന്നതെന്ന് കർഷകർ പറഞ്ഞു. ഇൻഷ്യൂർ ചെയ്യാത്ത വാഴകളാണ്. രണ്ടുലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി ജയചന്ദ്രൻ പറഞ്ഞു. കൃഷിഭവനിൽ നിന്നും ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദർശിച്ചിട്ടുണ്ട്.
ചിത്രം : എടത്തംകുന്നിൽ ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയ ജയചന്ദ്രൻ്റെ വാഴകൾ