നെല്ലിയമ്പം ഇരട്ടക്കൊലപാതകം ; പ്രതി കുറ്റക്കാരനെന്ന് കോടതി : ശിക്ഷ ഏപ്രില്‍ 29 ന് പ്രഖ്യാപിക്കും
പനമരം : നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അര്‍ജ്ജുന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. സെക്ഷന്‍ 302 ഐപിസി ( കൊലപാതകം ), 449 ഐപിസി (ഭവനഭേദനം), 201 ഐപിസി ( തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് വയനാട് ജില്ലാ സെഷന്‍സ് അഡ്ഹോക്ക് II കോടതി ജഡ്ജ് എസ്.കെ. അനില്‍ കുമാര്‍ കണ്ടെത്തിയത്.
പ്രതിക്കുള്ള ശിക്ഷ ഏപ്രിൽ 29 ന് പ്രഖ്യാപിക്കും. കേസില്‍ 74 സാക്ഷികളെ കോടതി വിസ്തരിച്ചു. 38 തൊണ്ടിമുതലുകളും 181 രേഖകളും കോടതി പരിശോധിച്ചു. 2021 ജൂണ്‍ 10 ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല നടന്നത്. പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷമാണ് പ്രതി അയല്‍വാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജ്ജുന്‍ അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെട്ടേറ്റ കേശവന്‍ സംഭവസ്ഥലത്തും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മണിക്കൂറുകള്‍ക്കുള്ളിലും മരിച്ചു.

 
                 
                 
                 
                 
                 
                