ഇന്‍ഷുറന്‍സ് തുക ലഭിക്കാൻ തലപ്പുഴയിലെ സൂപ്പര്‍ മാര്‍ക്കറ്റ് കത്തിച്ചയാൾ അറസ്റ്റില്‍
മാനന്തവാടി : തലപ്പുഴ ടൗണിലെ ഗ്രാന്റ് സുപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ കടയുടെ നടത്തിപ്പുകാരന്‍ അറസ്റ്റിലായി. വാളാട് കൊത്താര റൗഫ് (29) നെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രവരി 26 ന് പുലര്‍ച്ചെ 2 മണിക്കാണ് തീപിടുത്തം. സാമ്പത്തിക നഷ്ടവും, കടബാധ്യതയും മൂലം ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് വേണ്ടിയാണ് സൂപ്പര്‍ മാര്‍ക്കറ്റ് കത്തിച്ചതെന്ന് റൗഫ് പോലിസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
സംഭവദിവസം അര്‍ധരാത്രി കഴിഞ്ഞും സൂപ്പര്‍മാര്‍ക്കറ്റ് പരിസരത്ത് റൗഫിന്റെ അസ്വാഭാവിക സാന്നിധ്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് എസ്.ഐ വിമല്‍ ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ സിജുമോന്‍ തുടങ്ങിയവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തില്‍ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തീയോ സ്‌ഫോടക വസ്തുക്കളോ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യത്തിനുള്ള ഐ പി സി 436 വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.