നിർധന കുടുംബത്തിന് വീടൊരുക്കാൻ മാനന്തവാടി പ്രസ് ക്ലബ്ബ്
മാനന്തവാടി : ജീവകാരുണ്യ മേഖലയിൽ മാനന്തവാടി പ്രസ് ക്ലബ്ബ് ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന് ബത്തേരി രൂപതാ ബിഷപ്പ് ഡോ.ജോസഫ് മാർതോമസ്. മാനന്തവാടി പ്രസ് ക്ലബ്ബ് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ കട്ടില വെക്കൽ കർമ്മം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർധനരെയും പാവപ്പെട്ടവരെയും സഹായിക്കണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. നിരവധി കുടുംബങ്ങൾ സ്ഥലവും വീടും ഇല്ലാത്തവരാണ്. ഇത്തരം കൃടുംബങ്ങളെ കണ്ടെത്തി സഹായിക്കാൻ സമൂഹം മുന്നിട്ടിറങ്ങണം. ഭവന പദ്ധതി പ്രകാരം ബത്തേരി ശ്രേയസ് 50 വീടുകൾ നിർമ്മിച്ചു നൽകിയെന്നും 250 വീടുകൾ പൂർത്തീകരിച്ചു നൽകുകയാണ് ലക്ഷ്യമെന്നും ബിഷപ്പ് പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡണ്ട് അരുൺ വിൻസെൻ്റ് അദ്ധ്യക്ഷത വഹിച്ചു. മമ്മൂട്ടി സഖാഫി, ഇഖ്ബാൽ കണ്ണാടി, എ.നിസാർ, ആബിദ് കക്കാടൻ, പ്രസ് ക്ലബ്സെക്രട്ടറി സുരേഷ് തലപ്പുഴ, ബിജു കിഴക്കേടം, അബ്ദുള്ള പള്ളിയാൽ, ജസ്റ്റിൻ ചെഞ്ചട്ടയിൽ, അബ്ദുൽ ലത്തീഫ് പടയൻ, വി.ഒ.വിജയകുമാർ, റെനീഷ് ആര്യപ്പള്ളി, എന്നിവർ സംബന്ധിച്ചു.
വ്യക്തികളുടെയും, സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ നിർമ്മിക്കുന്ന വീട് മാർച്ച് 31 നകം പൂർത്തീകരിക്കാനാണ് പ്രസ് ക്ലബ് ലക്ഷ്യമിടുന്നത്.