ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
പനമരം : പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ പാലുകുന്ന് കുളത്താറ ഊരാളി കുറുമ കോളനിയിലെ ആതിര (32) യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ബാബു (39) നെയാണ് പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 18 ന് ആയിരുന്നു സംഭവം ഭാര്യയെ കൊലപ്പെടുത്തിയശേഷം ബാബു കഴുത്തിന് മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ പ്രദേശവാസികൾ ചേർന്ന് വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലായിരുന്ന ബാബു ഡിസ്ചാർജ് ആയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്.ഐ ദാമോദരൻ, എസ്.സി.പി.ഒ എം.അനൂപ്, കെ.രാജൻ, സി.പി.ഒ വി.അജേഷ് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.