മലയോര ഹൈവേ നിർമാണം ; മാനന്തവാടിയിൽ നാളെമുതൽ ഗതാഗതനിയന്ത്രണം
മാനന്തവാടി : മലയോര ഹൈവേയുടെ പ്രവൃത്തിയുടെ ഭാഗമായി മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂൾമുതൽ ബസ് സ്റ്റാൻഡുവരെ റോഡുപണി നടക്കുന്നതിനാൽ മാനന്തവാടി നഗരത്തിൽ നാളെ (ഫെബ്രുവരി 17- ശനിയാഴ്ച ) മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.വ്യാഴാഴ്ച നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന ഗതാഗത ഉപദേശസമിതിയുടേതാണ് തീരുമാനം.
നാലാംമൈൽ ഭാഗത്തുനിന്നുവരുന്ന ബസുകൾ ടൗണിൽ പ്രവേശിക്കാതെ സ്റ്റാൻഡിൽനിന്നുതന്നെ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
കാട്ടിക്കുളം ഭാഗത്തുനിന്നു വരുന്ന ബസുകൾ നിലവിലുള്ള ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി മൈസൂരു റോഡിലെ പെട്രോൾ പമ്പിൽനിന്ന് തിരിഞ്ഞ് ഡി.എഫ്.ഒ. ഓഫീസ് പരിസരത്തേക്ക് പാർക്ക് ചെയ്യണം.
വള്ളിയൂർക്കാവ്, പുല്പള്ളി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ വള്ളിയൂർക്കാവ് കവലയിൽ യാത്രക്കാരെ ഇറക്കിയശേഷം സെയ്ൻ്റ് ജോസഫ്‌സ് ആശുപത്രി റോഡരികിൽ പാർക്ക് ചെയ്യണം. ഈ ബസുകൾ ലിറ്റിൽ ഫ്ലവർ സ്കൂൾ കവലയിൽനിന്നുതന്നെ തിരിഞ്ഞ് ടൗണിൽ പ്രവേശിക്കാതെ സെയ്ന്റ്റ് ജോസഫ്‌സ് ആശുപത്രി റോഡിലൂടെ തിരികെപ്പോകണം.
എരുമത്തെരുവ് ഭാഗത്തുനിന്നുവരുന്ന ബസുകൾ ബ്ലോക്ക് ഓഫീസ് റോഡിൽ കയറാതെ ഗാന്ധിപാർക്ക്-പോസ്റ്റ് ഓഫീസ് കവല-താഴെയങ്ങാടി ബൈപ്പാസ് റോഡുവഴി ബസ് സ്റ്റാൻഡിലെത്തണം. സ്റ്റാൻഡിൽനിന്ന് ആളെയിറക്കിയശേഷം വന്നവഴിതന്നെ തിരിച്ചുപോകണം.
കല്ലോടി ഭാഗത്തുനിന്നുവരുന്ന ബസുകൾ നഗരസഭാ ബസ് സ്റ്റാൻഡിൽ പ്രവേശിക്കരുത്. ഈ ബസുകൾ താഴെയങ്ങാടിയിൽനിന്ന് തിരിഞ്ഞ് ഗാന്ധിപാർക്കിൽ ആളെയിറക്കി എരുമത്തെരുവിൽ പാർക്ക് ചെയ്ത് തിരിച്ച് ഗാന്ധിപാർക്ക് വഴി താഴെയങ്ങാടിയിൽനിന്ന് കല്ലോടി ഭാഗത്തേക്കു പോകണം.
തവിഞ്ഞാൽ ഭാഗത്തുനിന്നു വരുന്ന ബസുകൾ ഗാന്ധിപാർക്കിൽ ആളെയിറക്കി എരുമത്തെരുവിൽ പാർക്ക് ചെയ്ത് തിരിച്ച് ഗാന്ധിപാർക്ക് വഴി തവിഞ്ഞാൽ ഭാഗത്തേക്കു പോകണം. പെരുവക ഭാഗത്തുനിന്നുവരുന്ന ബസുകൾ സ്റ്റാൻഡിൽ ആളെയിറക്കിയ ശേഷം സ്റ്റാൻഡിൽനിന്നുതന്നെ ആളെക്കയറ്റി പെരുവക ഭാഗത്തേക്കു തിരിച്ചുപോകണം.
താഴെയങ്ങാടി റോഡ്, മൈസൂരു റോഡ് എന്നിവിടങ്ങളിലെ സ്റ്റാൻഡുകളിൽനിന്ന് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ റോഡ് പണി കഴിയുന്നതുവരെ താത്കാലികമായി മറ്റു സ്റ്റാൻഡുകൾ ഉപയോഗിക്കണം.