വന്യമൃഗങ്ങളെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥനും ഭാര്യയും മരിച്ചു
പുല്‍പ്പള്ളി : കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 4.30ഓടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബന്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ സരസുവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസിന് ഷോക്കേറ്റത്. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതി ബന്ധം വിശ്ചേദിച്ച് ഇവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്.
സരസുവിനെ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കെത്തിച്ചെങ്കിലും രണ്ടുപേരും മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പുല്പള്ളി പോലീസും കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ പ്ലഗില്‍ നിന്നും കുത്തിയെടുത്ത വൈദ്യുതി നേരെ ഇരുമ്പ് വേലിയിലേക്ക് കടത്തിവിടുകയായിരുന്നു. ഇത് ഓഫ് ചെയ്യാന്‍ വിട്ടു പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മകന്‍ : ആഖേഷ്. മരുമകള്‍ രാജി.