നീർവാരത്ത് കാട്ടനകളുടെ വിളയാട്ടം : വ്യാപകമായി കൃഷിനശിപ്പിച്ചു
പനമരം : നീർവാരത്ത് കാട്ടാനകളിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. കഴിഞ്ഞ ദിവസം നീർവാരം സ്കൂളിന് സമീപത്തെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടമാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ നെല്ലും കപ്പയും വാഴയും കാട്ടാനകൾ നിലംപരിശാക്കി. നീർവാരത്തെ ഊലിക്കൽ കുഞ്ഞപ്പന്റെ ഒരു കണ്ടത്തിലെ 100 ഓളം ചുവട് കപ്പ പൂർണമായും തിന്നുകളഞ്ഞു. ഊലിക്കൽ കുര്യൻ, തോട്ടത്തിൽ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ കൊയ്യാറായ നെല്പാടങ്ങളും, തോമാച്ചൻ കൊല്ലപ്പള്ളിയുടെ ഏത്ത വാഴ കൃഷിയുമാണ് നശിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ അപ്രതീക്ഷിതമായെത്തിയ പേമാരിയിലും ഇവിടങ്ങളിൽ വൻ കൃഷിനാശം ഉണ്ടായിരുന്നു. ഇതിനിടെയുണ്ടായ കാട്ടാനയുടെ പരാക്രമം കർഷകർക്ക് ഇരട്ട പ്രഹരമേൽപ്പിക്കുകയാണ്.
പാതിരി സൗത്ത് സെക്ഷനിൽ നിന്നുമാണ് കാട്ടാനകൾ ഇവിടേക്കെത്തിയത്. വനാതിർത്തി ഗ്രാമമായതിനാൽ നീർവാരത്ത് കാട്ടാനശല്യം രൂക്ഷമാണ്. എന്നാൽ ഇതാദ്യമായാണ് സ്കൂളിന് താഴെ കാട്ടാനയെത്തുന്നതും കൃഷിനാശം വിതയ്ക്കുന്നതും. അടുത്തകാലത്തായി കാട്ടാന ശല്യത്തിന് നേരിയ കുറവുണ്ടെങ്കിലും രണ്ടു ദിവസമായി തുടർച്ചയായി വീണ്ടും കാട്ടാന എത്തിയിരിക്കുകയാണ്. കാട്ടുപന്നി, മാൻ, മയിൽ, കുരങ്ങ് തുടങ്ങി വന്യമൃഗങ്ങളുടെ ശല്യവും നീർവാരത്ത് രൂക്ഷമാണ്.