September 23, 2024

പനമരം സി.എച്ച്.സി.യിൽ സായാഹ്ന ഒ.പിയിൽ ഡോക്ടറില്ല ; രോഗികൾ വലയുന്നു

1 min read
Share

 

പനമരം : പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ സായാഹ്ന ഒ.പിയിൽ ഡോക്ടറില്ലാത്തത് നിർധന രോഗികളെ വലയ്ക്കുന്നു. കഴിഞ്ഞ അഞ്ചുദിവസമായി ഒ.പിയിൽ ഡോക്ടർ ഇല്ലാത്തതിനാൽ ചികിത്സതേടി എത്തുന്നവർ നിരാശരായി മടങ്ങുകയാണ്. ആശുപത്രി കെട്ടിടത്തിന് മുമ്പിൽ ‘ഡോക്ടർ ലഭ്യമല്ലാത്തതിനാൽ സായാഹ്ന ഒ.പി ഉണ്ടായിരിക്കുന്നതല്ല ‘ എന്ന ബോർഡ് കാണുമ്പോഴാണ് രോഗികൾ ഒ.പി ഇല്ലാത്ത വിവരം അറിയുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ പാവപ്പെട്ട രോഗികൾ.

 

നീണ്ട നാളത്തെ ജനങ്ങളുടെ മുറവിളികൾക്കൊടുവിൽ 2019 ൽ ആരംഭിച്ച സായാഹ്ന ഒ.പിയിൽ ഒരു ഡോക്ടറുടെ സേവനമാണ് ഇതുവരെ ലഭ്യമായിരുന്നത്. എന്നാൽ ഈ മാസം ഒന്നാം തിയ്യതി മുതൽ ഇവിടെ ഡോക്ടർ ഇല്ല. ഇതോടെ കണിയാമ്പറ്റ, പനമരം, കോട്ടത്തറ, പൂതാടി തുടങ്ങി പഞ്ചായത്ത് പരിധികളിൽപ്പെടുന്ന ആദിവാസികൾ ഉൾപ്പെടെ ആശ്രയിക്കുന്ന ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുകയാണ്. കാലാവസ്ഥാ വ്യതിയാനംമൂലം പനി, ജലദോഷം, കഫക്കെട്ട്, ചുമ തുടങ്ങി രോഗങ്ങൾ പടർന്നു പിടിച്ച സാഹചര്യത്തിൽ നൂറുകണക്കിന് രോഗികൾക്ക് താങ്ങാവേണ്ട ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്.

 

പനമരം ബ്ലോക്ക് പഞ്ചായത്താണ് ഒ.പി യിൽ ഡോക്ടർ, ഫാർമസിസ്റ്റ്, നെഴ്സ് തുടങ്ങിയവരെ നിയമിക്കുന്നതും ഇവർക്കുള്ള വേതനം നൽകുന്നതും. നിലവിലെ ഡോക്ടർ ഉപരിപഠനാർത്ഥം ജോലി രാജിവെച്ചതിനാലാണ് ഇപ്പോൾ ആളില്ലാത്തത്. പുതിയ ഡോക്ടറെ നിയമിക്കുന്നതിനായി കഴിഞ്ഞ 28 ന് കൂട്ടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അഭിമുഖത്തിന് ആരും പങ്കെടുത്തില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഡോക്ടർമാരുടെ വാഡ്സാപ്പ് കൂട്ടായ്മയിലും മറ്റും അറിയിപ്പ് നൽകിയിട്ടും ആളെ കിട്ടിയിട്ടില്ല. പിന്നീട് ഇപ്പോൾ പഠിച്ചിറങ്ങിയ ചിലർ സമീപിച്ചെങ്കിൽ രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ അവരെ നിയമിക്കാനും സാധിക്കാത്ത അവസ്ഥയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

 

അതേസമയം, പകൽ ഒ.പിയിൽ നിലവിൽ ജില്ലയിലെ മറ്റു സി.എച്ച്.സികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ഡോക്ടർമാർ പനമരത്താണ്. നാലു ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. 500 ൽ പരം രോഗികൾ ദിനവും ഇപ്പോൾ ചികിത്സതേടി മടങ്ങുന്നുണ്ട്. എന്നാൽ സായാഹ്ന ഒ.പി യിൽ ആളില്ലാത്തത് കിടത്തി ചികിത്സയെയും മറ്റും പ്രതികൂലമായി ബാധിക്കുകയാണ്. ജില്ലയിലെ മദ്യഭാഗത്തായി വരുന്ന പനമരത്തെ സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.