പനവല്ലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്ക്
കാട്ടിക്കുളം : പനവല്ലി റസല്‍കുന്ന് റോഡില്‍ കാട്ടുപോത്ത് സ്‌കൂട്ടറില്‍ വന്നിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്കേറ്റു. പനവല്ലി റസല്‍കുന്ന് സെറ്റില്‍മെന്റ് കോളനിയിലെ നരേഷിനാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. യാത്രക്കിടെ സ്‌കൂട്ടറിന് നേരെ പാഞ്ഞടുത്ത കാട്ടുപോത്ത് സ്‌കൂട്ടര്‍ കൊമ്പ് കൊണ്ട് കുത്തി മറിച്ചിട്ടതായി നരേഷ് പറയുന്നു. വാഹനത്തില്‍ നിന്നും തെറിച്ചു വീണ് പരിക്കു പറ്റി അവശനിലയില്‍ വഴിയരികില്‍ കിടന്ന നരേഷിനെ കാല്‍നടയാത്രക്കാരായ ചിലര്‍ കാണുകയും അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഫോറസ്റ്റര്‍ എ.രമേശന്റെയും, ബിറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി.എസ് നന്ദഗോപന്റെയും നേതൃത്വത്തില്‍ നരേഷിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കൈക്കും കാലിനും, കഴുത്തിനും പരിക്കേറ്റ നരേഷ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികില്‍ത്സയിലാണ്. പകല്‍ പോലും പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.