പുല്‍പ്പള്ളിയില്‍ സ്വകാര്യ ബസ്സില്‍ കത്തികൊണ്ട് അക്രമം: രണ്ടു പേര്‍ക്ക് പരിക്കേറ്റു ; 5 പേർ പിടിയിൽ
പുല്‍പ്പള്ളി : സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ കത്തികൊണ്ടുള്ള ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇരുളം ഓര്‍ക്കടവ് സ്വദേശികളായ നിജു (36), സുരേന്ദ്രന്‍ (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഇരുളം സ്വദേശികളായ 5 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പുല്‍പ്പള്ളി എരിയപ്പള്ളിയില്‍ വെച്ചാണ് അക്രമമുണ്ടായത്. ബസിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഇരുവരേയും ബസ് യാത്രികനായ ഒരാള്‍ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. നിജുവിന്റെ പരിക്ക് ഗുരുതരമായതിനാല്‍ ബത്തേരി വിനായക ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സുരേന്ദ്രന്‍ ബത്തേരി വിനായകയില്‍ ചികിത്സയിലാണ്. ഇരുവരുടേയും കൈഞരമ്പറ്റ അവസ്ഥയിലായിരുന്നു. നിജുവിന് നേരെ അക്രമമുണ്ടായപ്പോള്‍ തടയാന്‍ ശ്രമിച്ചപ്പോഴാണ് സുരേന്ദ്രന് മുറിവേറ്റത്. പോലീസ് വധശ്രമ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു.