പേര്യയിൽ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ വ്യാജവാറ്റും വില്‍പ്പനയും ; 40 ലിറ്റര്‍ ചാരായവും, 1200 ലിറ്റര്‍ വാഷും പിടികൂടി എക്സൈസ്
മാനന്തവാടി : മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍ ജിനോഷും സംഘവും പേര്യ-വട്ടോളിയിലെ പേരാവൂര്‍ ആസ്ഥാനമായുള്ള കൃപ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 40 ലിറ്റര്‍ ചാരായവും 1200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് എരവട്ടൂര്‍ നടുപറമ്പില്‍ എന്‍.പി മുഹമ്മദ് (40), ഇടുക്കി ഉടുമ്പന്‍ചോല അണക്കര വേണാട്ട് മാലില്‍ എസ് അനീഷ് (44), കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം പോതാട്ടില്‍ വീട് പി അജിത് (33), കണ്ണൂര്‍ ശ്രീകണ്ഠാപുരം പുരയിടത്തില്‍ വീട് മാത്യു ചെറിയാന്‍ (33) എന്നിവരെ അറസ്റ്റ് ചെയ്തു.
ചാരായം കടത്താനുപയോഗിച്ച കെ എല്‍ 10 എപി 3838 നമ്പര്‍ ടാറ്റ ഐറിസ് വാഹനവും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത വാഹനവും ട്രസ്റ്റിന്റെ പേരിലുള്ളതാണ്. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവിലാണ് ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് പ്രഥമദൃഷ്ടിയാലുള്ള വിവരമെന്ന് എക്‌സൈസ് വ്യക്തമാക്കി.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് എ.സി, പ്രിന്‍സ് ടി.ജി, ഹാഷിം കെ , സെല്‍മ കെ ജോസ് എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.