മക്കിമലയിലെ ജീപ്പപകടം : രാഹുലിനും അമലിനും സാന്ത്വനമായി പനമരം ബദ്റുൽ ഹുദാ ; വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്തു
തലപ്പുഴ : തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ഒൻപത് പേർക്ക് ദാരുണാന്ത്യം സംഭവിച്ച മക്കിമല പ്രദേശവും മരണമടഞ്ഞ സഹോരിമാരുടെ വീടുകളും പനമരം ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി പി.ഉസ്മാൻ മൗലവി, വൈസ് പ്രസിഡന്റ് മമ്മൂട്ടി മദനി തരുവണ, സെക്രട്ടറി ഇബ്രാഹീം സഖാഫി എന്നിവർ സന്ദർശിച്ചു.
ആശ്വസിപ്പിക്കാൻ വാക്കുകളില്ലാത്ത ദു:ഖം തളംകെട്ടി നിൽക്കുന്ന കാഴ്ചയാണ് മക്കിമലയിൽ കണ്ടത്. ഒറ്റമുറി ഷെഡിൽ അമ്മ ചിത്രയും വലിയമ്മ ശാന്തയും നഷ്ടപ്പെട്ട ഒരു വീട്ടിലെ രണ്ട് കുരുന്നുകളാണ് രാഹുലും അമലും. ഇവരുടെ തുടർവിദ്യാഭ്യാസത്തിനാവശ്യമായ സഹായങ്ങൾ ബദ്റുൽ ഹുദാ അക്കാദമി വഹിക്കാമെന്ന് കുടുംബത്തെ അറിയിക്കുകയും കുട്ടികൾക്ക് പ്രാഥമിക സഹായം നൽകുകയും ചെയ്തു.
മക്കിമലയിൽ ഉദാര മനസ്കരുടെയും സർക്കാർ സംവിദാനങ്ങളുടെയും ശ്രദ്ധ കൂടുതൽ പതിയേണ്ടതുണ്ടെന്ന് അവിടുത്തെ സാഹചര്യങ്ങൾ മനസിലാക്കുന്നുവെന്നും ബദ്റുൽ ഹുദാ സാരഥികൾ അഭിപ്രായപ്പെട്ടു.