പോക്‌സോ പ്രതി 4 വര്‍ഷത്തിന് ശേഷം പിടിയില്‍
മാനന്തവാടി : മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി.
തലശ്ശേരി ചൊക്ലി ചെറിയപറമ്പത്ത് തയ്യില്‍ വീട്ടില്‍ സി.പി ഷംസീര്‍ (45) ആണ് പിടിയിലായത്. കേസെടുത്ത ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ ഷംസീറിനെ ചെന്നൈ വിമാനതാവളത്തില്‍ നിന്നുമാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഷംസീറിനെതിരെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എംഎം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ ചെന്നൈ വിമാനതാവളത്തില്‍ വന്നിറങ്ങിയപ്പോള്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഇയ്യാളെ തടഞ്ഞുവെക്കുകയും മാനന്തവാടി പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് എ.എസ്.ഐ സുരേഷ്, സി.പി.ഒ മാരായ ലതീഷ്, ദീപു എന്നിവര്‍ ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. ഷംസീര്‍ കണ്ണൂരിലെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലിസ് വ്യക്തമാക്കി.