കണ്ണീരണിഞ്ഞ് മക്കിമല ; ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്ന്
മാനന്തവാടി : തലപ്പുഴ കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്കു മറഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്നു നടക്കും. പോസ്റ്റുമോർട്ടം നടപടികൾ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു. മരിച്ച ഒന്‍പതു പേരുടെയും മൃതദേഹം മക്കിമല എൽ.പി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.
ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തലപ്പുഴ മക്കിമല ആറാംനമ്പർ കോളനിയിലെ കൂളൻതൊടിയിൽ ലീല (60), ശോഭന (60), റാബിയ (55), ശാന്ത (61), കാർത്യായനി (65), ഷാജ (38), ചിത്ര (32), ചിന്നമ്മ (59), റാണി (58) എന്നിവരാണ് മരിച്ചത്. ഉമാദേവി, മോഹനസുന്ദരി, ജയന്തി, ലത, ജീപ്പോടിച്ച മണി എന്നിവർക്കാണ് പരിക്കേറ്റത്.
മക്കിമല ആറാംനമ്പർ പാടിയിലെ തോട്ടം തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണു ചികിത്സയിലുള്ള ഡ്രൈവര്‍ മണികണ്ഠൻ പൊലീസിനു നല്‍കിയ മൊഴി.
മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തുക.11 മണിയോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയശേഷം മക്കിമല എൽ.പി സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് എല്ലാവരുടെയും മൃതദേഹം ഒരുമിച്ച് പൊതുശ്മശാനത്തിൽ സംസ്കരിക്കാനാണ് ആലോചന.
ഇന്നലെ വൈകീട്ട് 3:30 ഓടെയാണ് മക്കിമല ആറാം നമ്പർ പാടിയിലെ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപെട്ടത്. വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിയുകയായിരുന്നു. മാനന്തവാടി മെഡിക്കൽ കോളജിൽനിന്ന് ചികിത്സയിലുള്ള രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.വിദഗ്ധ ചികിത്സക്കായാണ് ലത, മോഹനറാണി എന്നിവരെ കോഴിക്കോട്ടേക്ക് മാറ്റിയത്.