September 20, 2024

മണിപ്പൂർ കലാപം : പനമരത്ത് പ്രതിഷേധം തീർത്ത് ആയിരങ്ങൾ

1 min read
Share

 

പനമരം : മണിപ്പൂർ ജനതയ്ക്ക് നേരെയുള്ള കലാപത്തിനെതിരെ പനമരത്ത് പ്രതിഷേധം തീർത്ത് ആയിരങ്ങൾ. മാനന്തവാടി രൂപത നടവയൽ ഫൊറോന കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചും പനമരം ടൗണിൽ ജനകീയ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടന്നു. പനമരം സെന്റ് ജൂഡ് ദേവാലയ പരിസരത്ത് നിന്നും ആരംഭിച്ച് പനമരം പാലംകവലയിലൂടെ വലം വെച്ച് ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ച റാലിയിൽ 3000 ത്തിൽ പരം ആളുകൾ പങ്കെടുത്തു. നടവയൽ മേഖലയുടെ കീഴിലുള്ള 13 ഇടവകയിലെയും സ്ത്രീകളും വൈദികരും ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ അണിനിരന്നു.

 

മണിപ്പൂരിലെ ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്നാവശ്യ ട്ടായിരുന്നു പ്രതിഷേധം. കലാപം ഇത്രയും ഭീകരമായി മാറിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും കേന്ദ്രസർക്കാരിനും മണിപ്പൂർ സർക്കാരിനുമാണെന്ന് സമരക്കാർ ആരോപിച്ചു. ഭരണകൂടങ്ങളുടെ ആസൂത്രിത ഭീകര പ്രവർത്തനമാണ് മണിപ്പൂരിൽ നടക്കുന്നത്. കൊടുംക്രൂരതയാണ് സർക്കാരിൻറെ പിൻബലത്തോടെ കലാപകാരികളിൽ ഒരുവിഭാഗം ഇവിടെ കാട്ടിക്കൂട്ടുന്നത്. അക്രമികൾ സ്ത്രീകളെ കൂട്ട മാനഭംഗത്തിന് വിധേയമാക്കിയതും, നഗ്നരായി തെരുവിലൂടെ നടത്തിയതും, കൊല ചെയ്യുന്നതും നമ്മൾ കാണുകയാണ്. സമാധാനം പുന:സ്ഥാപിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ മണിപ്പൂർ സർക്കാരിനെ പിരിച്ചുവിടുവാൻ രാഷ്ട്രപതി തയ്യാറാകണം. വിഷയത്തിൽ പാർലമെൻറിൽ പ്രധാനമന്ത്രി പ്രസ്താവന രണ്ടു മിനിറ്റിൽ മാത്രം ഒതുക്കിനിർത്താതെ അവിടെ ശിഥിലമായ കുടുംബങ്ങളെ ഒന്നിപ്പിക്കണം. യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കണം. ഭവനങ്ങൾ നഷ്ടപ്പെട്ടവർക്ക് ഭവനങ്ങൾ നിർമ്മിച്ചു കൊടുക്കണം. വിധവകളായ അമ്മമാരുടെയും യുവതികളുടെയും സാമ്പത്തിക ഉത്തരവാദിത്വം മണിപ്പൂർ സർക്കാരും കേന്ദ്ര ഗവൺമെന്റും ഏറ്റെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

 

ബഹുജന പ്രതിഷേധ റാലി മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഒ.ആർ കേളുവും, പൊതുസമ്മേളനം കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ ടി.സിദ്ധിഖും ഉദ്ഘാടനം ചെയ്തു. നടവയൽ ഫൊറോന കൗൺസിൽ ചെയർമാൻ റവ. ഫാ. ഗർവാസിസ് മറ്റം അധ്യക്ഷത വഹിച്ചു. ജോസ് പള്ളത്ത് വിഷയാവതരണം നടത്തി. അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, ഫാ. ജോസ് കപ്പിയാരുമല, സ്വാഗതസംഘം ചെയർമാൻ ഫാ. അനൂപ് കോച്ചേരിൽ, ഫാ. അലോഷ്യസ് കുളങ്ങര, ഫാ. ഷിനു മണിക്കോട്, സ്വാഗതസംഘം സെക്രട്ടറി എം.സി.സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, പനമരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ, സി.എം.സി മാനന്തവാടി പ്രൊവിൻഷ്യൽ റവ. സി. ജാസ്മിൻ കോയിക്കാട്ടിൽ, സി.ആൻസി പോൾ, കുമാരി ഐറിൻ, പ്രോഗ്രാം കൺവിനർ സെബാസ്റ്റ്യൻ പുരയ്ക്കൽ, ബെന്നി അരിഞ്ചേർമല തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : പനമരത്ത് നടന്ന ബഹുജന പ്രതിഷേധ റാലി.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.