യു.പി വിഭാഗം വിദ്യാർഥികളെ വിദ്യാ വാഹിനി വാഹനത്തിൽ കയറ്റുന്നില്ലെന്ന് പരാതി
പനമരം : യു.പി വിഭാഗത്തിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികളെ വിദ്യാവാഹിനിയുടെ വാഹനത്തിൽ കയറ്റുന്നില്ലെന്ന് പരാതി. പനമരം ഗവ.ഹൈസ്ക്കൂളിൽ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുന്ന 15 -ഓളം വിദ്യാർഥികളെയാണ് സ്കൂളിലേക്കെത്തിച്ച് തിരിച്ചു കൊണ്ടുപോവുന്ന വിദ്യാവാഹിനിയുടെ വാഹനത്തിൽ കയറ്റുന്നില്ലെന്ന പരാതി ഉയരുന്നത്. അഞ്ചുകുന്നിലെ ബസ്തിക്കവല, പാലുകുന്ന് കണ്ണോട്ടിക്കുന്ന് കോളനിക്കാരായ രക്ഷിതാക്കളാണ് വിദ്യാ വാഹിനിക്കെതിരെ പരാതിപ്പെടുന്നത്.
കോളനിയിലെ എട്ടുമുതൽ പത്താം ക്ലാസ്സ് വരെയുള്ള ഇവരുടെ മുതിർന്ന സഹോദരങ്ങളെ ഇതേ സ്കൂളിലേക്ക് വാഹനത്തിൽ കൊണ്ടുപോവുന്നുണ്ട്. എന്നാൽ ചെറിയ കുട്ടികളായിട്ടും വിദ്യാ വാഹിനിയിൽ കയറ്റുന്നില്ല. അന്വേഷിച്ചപ്പോൾ യു.പി വിഭാഗം കുട്ടികളെ അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യു.പിസ്കൂളിലേക്കെ കൊണ്ടുപോവാൻ സാധിക്കൂ എന്നാണ് അധികാരികളുടെ മറുപടിയെന്ന് രക്ഷിതാക്കളായ സൗമ്യ ബിജു, പി.എം രമ്യ, ഷൈല സജി എന്നിവർ പറഞ്ഞു. ലിസ്റ്റിൽ പേരുണ്ടെങ്കിൽ വാഹനത്തിൽ കയറ്റാൻ തയ്യാറാണെന്നാണ് വിദ്യാ വാഹിനി ഡ്രൈവർ നൽകിയ മറുപടി. വിദ്യാർഥികൾക്കായി ട്രാവലറും, ജീപ്പും പദ്ധതിപ്രകാരം ഓടുന്നുണ്ട്. എങ്കിലും രാവിലെയും വൈകീട്ടും രക്ഷിതാക്കൾ ഇവരെയും കൂട്ടി നടന്ന് സ്കൂളിലേക്ക് സ്വയം കൊണ്ടുപോവേണ്ട ഗതികേടാണ്.
കഴിഞ്ഞ വർഷമെല്ലാം എല്ലാ കുട്ടികളെയും വാഹനത്തിൽ കൊണ്ടുപോയിരുന്നു. മൂത്ത സഹോദരങ്ങളോടൊപ്പം സ്കൂളിൽ അയക്കാൻ ഭയപ്പെടേണ്ട. എന്നാൽ ചെറിയ കുട്ടികളെ മറ്റൊരു സ്കൂളിൽ ചേർത്തണമെന്നത് അന്യായമാണെന്ന് ഇവർ പറയുന്നു. ഏത് സ്കൂളിൽ പഠിക്കാനും അവകാശമില്ലെ എന്ന ചോദ്യവും ഉയർത്തുകയാണ്.
പട്ടികവർഗ വിദ്യാർഥികൾക്ക് താമസസ്ഥലത്തു നിന്ന് സ്കൂളിൽ പോയ്വരാൻ സൗകര്യമൊരുക്കി വന്ന ഗോത്രസാരഥി പദ്ധതി ഈ അധ്യയന വർഷം മുതലാണ് പുനർനാമകരണം ചെയ്ത് വിദ്യാവാഹിനി എന്നാക്കിയത്. പട്ടികവർഗ വിഭാഗം വിദ്യാർഥികളുടെ സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാനും അവരെ പഠനത്തിൽ കൂടുതൽ താൽപര്യമുള്ളവരാക്കി മാറ്റാനുമാണ് പദ്ധതി. തുടക്കത്തിൽ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ച പദ്ധതി വിദ്യാർഥികൾക്ക് ഗുണകരമായിരുന്നു. എന്നാൽ 2020-21 അധ്യയന വർഷം മുതൽ നടത്തിപ്പ് തദ്ദേശ സ്ഥാപനങ്ങളെ ഏൽപിച്ചതോടെ പദ്ധതി നടത്തിപ്പ് അവതാളത്തിലായിരുന്നു.