പനവല്ലിയില്‍ വീണ്ടും കടുവ ജനവാസ മേഖലയിൽ : പശുക്കിടാവിനെ കൊന്നു
കാട്ടിക്കുളം : പനവല്ലിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. പുലര്‍ച്ചെ ജനവാസ മേഖലയിലിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലി തെങ്ങുംമൂട്ടില്‍ സന്തോഷിന്റെ കിടാവിനെയാണ് കൊന്നത്. ഈ സമയം സന്തോഷ് തൊഴുത്തില്‍ തന്നെയുണ്ടായിരുന്നതായി പറയുന്നു. കടുവയെ കണ്ട് ഒച്ചവെച്ചതിനു ശേഷമാണു കിടാവിനെ പിടിവിട്ട് കടുവ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുനെല്ലി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ വനപാലകരെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അതേസമയം, പുലര്‍ച്ചെ മൂന്ന് മണിയോടെ സര്‍വാണി കൊല്ലി കോളനിയിലെ ബാലന്റെ വീട്ടുമുറ്റത്തും കടുവ വന്നതായി വീട്ടുകാര്‍ പറഞ്ഞു. പട്ടിയുടെ കുര കേട്ട് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ കടുവ ഓടിമറഞ്ഞതായി ഇവര്‍ പറഞ്ഞു.
രണ്ട് മാസം മുമ്പ് പനവല്ലിയില്‍ 5 പശുക്കളെ കടുവ പിടിച്ചിരുന്നു. തുടര്‍ന്ന് വനപാലകര്‍ കൂട് വെച്ച് പിടിച്ച കടുവയെ വനത്തില്‍ കൊണ്ടുപോയി വിട്ടത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.