കൊയിലേരി പുഴയില്‍ ചാടിയതായി സംശയിക്കുന്നയാളെ വീടിന് സമീപം കണ്ടതായി സൂചന
മാനന്തവാടി : കൊയിലേരി പാലത്തില്‍ നിന്നും പുഴയില്‍ ചാടിയതായി സംശയിക്കുന്നയാളെ വാടക വീടിന് സമീപം കണ്ടതായി സൂചന. അഞ്ചുകുന്ന് ഏഴാംമൈൽ സ്വദേശി കടത്തനാടൻ വീട്ടിൽ ജയേഷ് (39) നെയാണ് കുറുക്കൻ മൂലയിലെ വാടക വീടിന് സമീപം നാട്ടുകാർ കണ്ടതായി പറയുന്നത്. പനമരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ജയേഷിനെ കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ ജയേഷ് കുറുക്കൻ മൂലയിലെ വീടിന് സമീപത്തെ ഒരു കടയിൽ ചെന്നെന്നാണ് നാട്ടുകാർ പറയുന്നത്. കടയിലെത്തി സിഗരറ്റും, ബീഡിയും വാങ്ങിയ ഇയാളെ കടയുടമയ്ക്ക് സംശയം തോന്നി ജയേഷ് ആണോ എന്ന് ചോദിച്ചപ്പോൾ അല്ല ജയൻ ആണെന്ന് പറയുകയായിരുന്നു. ഇതിനിടെ വാർഡ് കൗൺസിലർ ഉൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും ഇയാൾ കടന്നുകളയുകയായിരുന്നു. പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെപെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്തെ അഞ്ച് പേർ ജയനെ കണ്ടതായി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ഞായറാഴ്ച കൊയിലേരി പുഴയിൽ ഒരാൾ ചാടിയതായുള്ള സംശയത്തെത്തുടർന്ന് മാനന്തവാടി അഗ്നിരക്ഷാസേന, പനമരം സി.എച്ച്.റെസ്ക്യൂ ടീം, തുർക്കി ജീവൻരക്ഷാ സമിതി, വാളാട് റെസ്ക്യൂ, എൻ.ഡി.ആർ.എഫ് ടീമും പനമരം, മാനന്തവാടി പോലീസും ചേർന്ന് അരക്കിലോ മീറ്ററോളം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താനായില്ല. ജയേഷ് പുഴയിൽ ചാടില്ലെന്നാണ് സംഭവസ്ഥലത്ത് എത്തിയ സുഹൃത്തുകൾ പറഞ്ഞത്. ജയേഷിന്റെ മൊബൈൽ ഫോൺ ഓൺ ആയതായും പറയുന്നുണ്ട്. ഇതോട തിങ്കളാഴ്ച പുഴയിൽ ആരും തിരച്ചിലിനിറങ്ങിയില്ല.
ഞായറാഴ്ച കൊയിലേരി പാലത്തിന് മുകളിൽ ഒരുജോഡി ചെരിപ്പും കടലാസിൽ എഴുതി തയ്യാറാക്കിയ ഒരു കുറിപ്പും കണ്ടതിനെത്തുടർന്നായിരുന്നു പുഴയിൽ തിരഞ്ഞത്. വൈകീട്ട് 5.30 വരെ തിരച്ചിൽ നടത്തി. 12 മണിയോടെ ജയേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പനമരം പോലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച വീട്ടുകാരുമായി വഴക്കുണ്ടാക്കി രാത്രി 8.30 ഓടെ പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ ജയേഷ് പിറ്റേന്ന് ഉച്ചയായിട്ടും തിരികെ എത്തിയില്ല. ഇതോടെയാണ് ബന്ധുക്കൾ പരാതിപ്പെട്ടത്. പാലത്തിന് മുകളിൽ നിന്നും ലഭിച്ച കത്തിൽ ജയേഷിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്നും കുടുംബ പ്രശ്നങ്ങൾ വിവരിച്ചുള്ളതാണ് കുറിപ്പെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.