പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് : ഒളിവിലായിരുന്ന മുഖ്യപ്രതിയും പിടിയില്‍
പുല്‍പ്പള്ളി : സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി സജീവന്‍ (48) കൊല്ലപ്പള്ളിയും പിടിയില്‍. ചൊവ്വാഴ്ച രാത്രി 8.30ഓടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നില്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സജീവന്‍ അറസ്റ്റിലായത്.
കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ ഒളിവിലായിരുന്ന സജീവന്‍ കീഴടങ്ങുന്നതിനു പുല്‍പ്പള്ളിക്കു വരികയായിരുന്നുവെന്നാണ് വിവരം. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കേളക്കവലയിലെ ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികള്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും കേളക്കവല ചെമ്പകമൂലയിലെ കര്‍ഷകന്‍ രാജേന്ദ്രന്‍ നായരുടെ ആത്മഹത്യയില്‍ പ്രേരണക്കുറ്റത്തിനുള്ള കേസിലും സജീവന്‍ പ്രതിയാണ്.
വായ്പ തട്ടിപ്പിന്റെ സൂത്രധാരകനെന്നു കരുതുന്ന സജീവനെ പിടികൂടുന്നതിനു കര്‍ണാടകയില്‍ മലയാളികള്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തുന്ന പ്രദേശങ്ങളില്‍ അടുത്തിടെ പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. സജീവന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോള്‍ വിവരവും പരിശോധിക്കുകയുണ്ടായി.
വയ്പ തട്ടിപ്പു കേസുകളില്‍ ഇതിനകം അറസ്റ്റിലായവരുടെ എണ്ണം നാലായി. ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.അബ്രഹാം, മുന്‍ സെക്രട്ടറി കെ.ടി.രമാദേവി, മുന്‍ ഡയറക്ടര്‍ വി.എം പൗലോസുകുട്ടി എന്നിവരാണ് നേരത്തേ പിടിയിലായത്. ഇവര്‍ മാനന്തവാടി ജില്ലാ ജയിലില്‍ റിമാൻഡിലാണ്.