September 20, 2024

പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് ; കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം പൗലോസ് അറസ്റ്റിൽ 

1 min read
Share

 

പുല്‍പ്പള്ളി : പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പുക്കേസില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം പൗലോസ് അറസ്റ്റില്‍. ഇന്നലെ വൈകീട്ടാണ് പൗലോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നാലാം പ്രതിയാണ് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റായ പൗലോസ്.

 

തട്ടിപ്പിനിരയായ പുല്‍പ്പള്ളി സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ മൂന്നായി. മുന്‍ ബാങ്ക് പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.കെ എബ്രഹാം, മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. ഇവരുടെ തട്ടിപ്പിനിരയായ കര്‍ഷകനായ പുല്‍പ്പള്ളി ചെമ്പകമൂല രാജേന്ദ്രന്‍ മെയ് 30ന് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

 

കേസില്‍ സഹകരണ വകുപ്പിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധനകള്‍ തുടരുകയാണ്. ബാങ്കില്‍ എട്ടരക്കോടിയുടെ വായ്പ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുകയും, എടുക്കാത്ത വായ്പയിന്മേല്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വാസവന്‍ പറഞ്ഞിരുന്നു. സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. അയ്യപ്പന്‍ നായരാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അസിസ്റ്റന്റ് രജിസ്ട്രാര്‍ അരുണ്‍. വി.സജികുമാര്‍, രാജാറാം. ആര്‍, ജ്യോതിഷ് കുമാര്‍.പി, ബബീഷ്.എം എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉള്ളത്. ബാങ്കിലെ വായ്പാ ക്രമക്കേടുകള്‍, ബാങ്കിന്റെ ആസ്തി ബാധ്യതകള്‍, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകള്‍ക്കും രജിസ്ട്രാറുടെ നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.