പനമരം – നെല്ലിയമ്പം റോഡിലെ മാലിന്യപ്രശ്നം പരിഹരിക്കണം – യൂത്ത് ലീഗ്
പനമരം : നൂറ് കണക്കിനാളുകൾ ദിനംപ്രതി യാത്ര ചെയ്യുന്ന പനമരം – നെല്ലിയമ്പം റോഡിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് നെല്ലിയമ്പം ശാഖാകമ്മിറ്റി പനമരം ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.
റോഡരികിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയാണ്. ഇവ ചീഞ്ഞുനാറി ദുർഗന്ധം വമിക്കുകയാണ്. മാലിന്യ കൂമ്പാരം കുന്നുകൂടുന്നതിനാൽ അക്രമാസക്തരായ തെരുവു നായകളും പ്രദേശത്ത് അധികരിക്കുകയാണ്. വിദ്യാർഥികളും, വയോധികരും, രോഗികളും നിരന്തരം ആശ്രയിക്കുന്ന ഈ റോഡിൽ മാലിന്യം തള്ളുന്നത് അടിയന്തിരമായി തടയണം. സി.സി ടി.വി ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങൾ സ്ഥാപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സിദ്ദീഖ് ചോലയിൽ, ഇബ്രാഹിം കടാന്തോട്ടിൽ, അൻവർ പാറപ്പുറം, സി.എം സലീം, ഹനീഫ ചക്കര തുടങ്ങിയർ നേതൃത്വം നൽകി.