September 20, 2024

വികസന മുരടിപ്പ് : പനമരം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ രാജി വെയ്ക്കണം – പനമരം പൗരസമിതി 

1 min read
Share

 

പനമരം : പനമരം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളെല്ലാം രാജിവെച്ച് പൊതുജനത്തോട് മാന്യത കാട്ടണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അധികാരമേറ്റ് മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴും ജനങ്ങളുടെ ആവശ്യങ്ങളോട് കൂറുപുലർത്താത്ത നടപടികൾ അപലപനീയമാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. ടൗണിന്റെ മുഖച്ഛായ മാറ്റാനും വികസന പ്രവർത്തനങ്ങൾക്ക് ഊർജം പകരാനുമായി ഭരണസമിതി ഇതിനോടകം നൽകിയ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കായി മാറുകയാണ്. വികസനത്തെ പിന്നോട്ടടിക്കുന്ന പഞ്ചായത്തംഗങ്ങളുടെ നിരുത്തരവാദപരമായ സമീപനം ഇനിയും കണ്ടില്ലെന്ന് നടിക്കാൻ ആവില്ല.

 

കാലങ്ങളായി വികസന മുരടിപ്പിലുള്ള പനമരത്തിന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു വലതു മുന്നണികൾ തുല്യമായി സീറ്റുകൾ നേടി ഒത്തൊരുമിച്ച് ഭരണത്തിലേറിയതോടെ നാടിന് മുതൽക്കൂട്ടാവുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ പൊതുജനങ്ങളുടെ എല്ലാ വിശ്വാസവും തകർക്കുന്ന സമീപനമാണ് ഗ്രാമപ്പഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. പഞ്ചായത്തിന്റെ കെടുകാര്യസ്ഥത ഒരു പ്രതിപക്ഷമില്ലാത്തതിനാൽ ചോദ്യം ചെയ്യപ്പെടാതെ പോവുന്നത് ശരിയല്ല. യുവജന സംഘടനകൾ ഉൾപ്പെടെ ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയാണ്. അതിനാൽ പനമരം പൗരസമിതി സ്വയം പ്രതിപക്ഷമായി മാറി ചോദ്യം ചെയ്യും. പൊതുജന ക്ഷേമത്തിനും അവകാശങ്ങൾക്കുമായി ശബ്ദമുയർത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

 

ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഹൃദയഭാഗവുമായ പനമരം ടൗൺ മാലിന്യങ്ങൾ നിറഞ്ഞ് കുപ്പത്തൊട്ടിയായി മാറുകയാണ്. പനമരം പുഴ പോലും മാലിന്യത്താൽ നിറയുകയാണ്. കുത്തഴിഞ്ഞ ട്രാഫിക് പരിഷ്കരണം മൂലം ആംബുലൻസുകൾ ഉൾപ്പടെ ഗതാഗതക്കുരുക്കിൽപ്പെടുമ്പോഴും പുതിയ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കുമെന്നത് പ്രഖ്യാപനത്തിൽ ഒതുങ്ങിയത് ഖേദകരമാണ്. ടൗണിലെത്തുന്നവർക്ക് മഴയും വെയിലും ഏൽക്കാതെ ബസ് കാത്തിരിക്കാൻ ഒരിടം ഒരുക്കാൻ നടപടികൾ വൈകുകയാണ്. നിലവിലെ ബസ് കാത്തിരിപ്പു കേന്ദ്രം നിലംപൊത്തൽ ഭീഷണിയിലായിട്ട് വർഷങ്ങൾ തികയുമ്പോഴും മുഖം തിരിക്കുകയാണ് ഭരണസമിതി. ടൗണിലെ വ്യാപാരികൾക്കും യാത്രക്കാർക്കും ഒന്ന് ശങ്ക തീർക്കാൻ അറപ്പുളവാക്കുന്ന ശൗചാലയമാണ് നിലവിലുള്ളത്. ഭരണസമിതി നിലവിൽ വന്നതു മുതൽ പറയുന്നതാണ് ടൗണിൽ ചെടികൾ കൊണ്ട് അലങ്കരിച്ച് സൗന്ദര്യവത്കരിക്കുമെന്ന്. എന്നാൽ എല്ലാം വെറും വാഗ്ദാനങ്ങളായും നടപ്പിലാവാത്ത പദ്ധതികളായും മാറുകയാണ്. കേവലം പഞ്ചായത്ത് കെട്ടിടം സ്ഥിതിചെയ്യുന്ന പനമരം ടൗണിനെ പോലും പരിപാലിക്കാൻ സാധിക്കാത്തവർ എങ്ങനെയാണ് പഞ്ചായത്തിലെ ഭരണകാര്യങ്ങൾ കൃത്യമായി നടപ്പിലാക്കുക. സമ്പൂർണ പരാജിതരായി മാറിയ മുഴുവൻ ഗ്രാമപ്പഞ്ചായത്തംഗങ്ങളും രാജിവെച്ച് പുറത്തു പോവണം. ഇതേ സമീപനമാണ് തുടരുന്നതെങ്കിൽ പൗരസമിതി ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, കൺവീനർ റസാക്ക് സി. പച്ചിലക്കാട്, ട്രഷറർ വി.ബി രാജൻ, കാദറുകുട്ടി കാര്യാട്ട്, ടി.ഖാലിദ്, മൂസ്സ കൂളിവയൽ എന്നിവർ സംസാരിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.