പുൽപ്പള്ളിയിൽ കടുവ വീണ്ടും ആടിനെ കൊന്നു ; ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത് മൂന്ന് പശുക്കളെ
പുല്‍പള്ളി : പുൽപ്പള്ളിയിൽ കടുവ വീണ്ടും ആടിനെ കൊന്നു. ഇന്ന് പുലര്‍ച്ചെ ആടിക്കൊല്ലി പന്നപുറത്ത് സുരേന്ദ്രന്റെ ആടിനെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം സമീപ പ്രദേശങ്ങളായ ചേപ്പിലയിലും, എരിയപ്പള്ളിയിലും ആറു മാസം പ്രായ പശുക്കിടാക്കളെ കടുവ കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് ചേപ്പിലയില്‍ കഴിഞ്ഞ ദിവസം വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഇതിനോട് ഒരു കിലോമീറ്റര്‍ മാത്രം മാറിയാണ് കടുവ ആടിനെ പിടിച്ചത്. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കടുവ ആടിനെ ഉപേക്ഷിച്ച് ഓടി മറിയുകയായിരുന്നു.
കഴിഞ്ഞ ദിവസം വഴിയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന കടുവയെ ആടിക്കൊല്ലിയില്‍ കണ്ടിരുന്നു. കടുവാശല്യം രൂക്ഷമായതോടെ പ്രദേശവാസികളൊന്നാകെ ഭീതിയിലാണ്. കടുവയെ കൂടുതല്‍ കൂടുകള്‍ സ്ഥാപിച്ചോ, മയക്കുവെടി വെച്ചോ പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.