ഒടുവില്‍ കൊറോണ വൈറസ് എത്തിയതെങ്ങനെയെന്ന് വ്യക്തമാക്കി ചൈന
ന്യൂയോര്‍ക്ക് : കോവിഡ് മനുഷ്യരിലേക്കെത്തിയത് സംബന്ധിച്ച് ചൈനീസ് ഗവേഷകരുടെ പഠന റിപ്പോര്‍ട്ട് പുറത്ത്.ആദ്യമായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച വുഹാനിലുള്ള ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള പഠന റിപ്പോര്‍ട്ടാണ് നേച്ചര്‍ ശാസ്ത്രജേണലില്‍ പ്രസിദ്ധീകരിച്ചത്. കോവിഡ് വൈറസ് മനുഷ്യ നിര്‍മ്മിതമെന്ന വാദത്തെ തള്ളുന്നതാണ് ചൈനയുടെ റിപ്പോര്‍ട്ട്.
നേച്ചര്‍ ശാസ്ത്രജേണലില്‍ റിസര്‍ച് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.
932 സാംപിളുകള്‍ മാര്‍ക്കറ്റിലെ സ്റ്റാളുകള്‍, കൂടുകള്‍, യന്ത്രഭാഗങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ഗവേഷകര്‍ ശേഖരിച്ചു. ഇതു കൂടാതെ 18 ഇനം മൃഗങ്ങളില്‍ നിന്നുള്ള 457 സാംപിളുകളും ശേഖരിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ 2020 ജനുവരിയിലാണു നടന്നത്. മൃഗങ്ങളില്‍ നിന്നു ശേഖരിച്ച സാംപിളുകളില്‍ കോവിഡ് ബാധ കണ്ടെത്തിയിട്ടില്ല.
ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റിന്റെ പരിസരത്തു നിന്ന് ശേഖരിച്ച സാംപിളുകളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവയില്‍ വന്യമൃഗങ്ങളുടെ ജനിതകാംശമുണ്ട്. വന്യമൃഗങ്ങളില്‍ നിന്നാണ് കോവിഡ് മനുഷ്യരിലേക്കെത്തിയതെന്ന വാദത്തെ ഇതു ബലപ്പെടുത്തുന്നതാണെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഇതില്‍ ഉറപ്പില്ലെന്നും വൈറസ് ബാധിതനായ ഒരാള്‍ ഈ മൃഗങ്ങളെ മാര്‍ക്കറ്റില്‍ എത്തിച്ചാലും ഇപ്രകാരം സംഭവിക്കാനിടയുണ്ടെന്നും മറുവാദവുമുണ്ട്.
അതേസമയം, പുതിയ ഗവേഷണ റിപ്പോര്‍ട്ട് പലരീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. വുഹാനിലെ ചൈനയുടെ ജൈവപരീക്ഷണശാലയില്‍ നിന്നാണ് കോവിഡ് പുറത്തുചാടിയതെന്ന വാദം കുറെക്കാലമായി പ്രബലമാണ്. എഫ്ബിഐ, യുഎസ് ഊര്‍ജമന്ത്രാലയം തുടങ്ങിയവര്‍ ഈ സിദ്ധാന്തത്തെ പിന്താങ്ങുന്നു. ഈ ആരോപണത്തിനു തടയിടാനായുള്ള ചൈനീസ് ശ്രമമായി ചിലര്‍ റിപ്പോര്‍ട്ടിനെ കാണുന്നു. ഇതു പ്രസിദ്ധീകരിക്കാന്‍ 3 വര്‍ഷം സമയമെടുത്തതും വിമര്‍ശനത്തിനു വഴിവച്ചിട്ടുണ്ട്.
കോവിഡ് ഉദ്ഭവത്തെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാന്‍ ചൈന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ജനീവയില്‍ ആവശ്യപ്പെട്ടു.