ഏഴുവയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് കാൽ പൊള്ളിച്ചു : രണ്ടാനച്ഛൻ അറസ്റ്റിൽ
കൽപ്പറ്റ : ഏഴുവയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് കാലുപൊള്ളിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റുചെയ്തു. ചുഴലി സ്വദേശിയും എം.കെ. ക്വാർട്ടേഴ്സിലെ താമസക്കാരനുമായ വിഷ്ണു (31) ആണ് അറസ്റ്റിലായത്.
ബുധനാഴ്ചയാണ് വിഷ്ണു, ഭാര്യയുടെ ആദ്യവിവാഹത്തിലെ ഇരട്ടക്കുട്ടികളിൽ ഒരാളെ ഉപദ്രവിച്ചത്. വലതുകാലിലാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചത്. കുട്ടിയെ പൊള്ളലേൽപ്പിച്ച വിവരം പ്രദേശവാസികളാണ് ചൈൽഡ് ലൈനിൽ അറിയിച്ചത്. ചൈൽഡ് ലൈൻ അധികൃതർ കല്പറ്റ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമുമ്പിൽ ഹാജരാക്കി. കമ്മിറ്റിയുടെ നിർദേശപ്രകാരം പൊള്ളലേറ്റ കുട്ടിയെയും ഇരട്ടസഹോദരിയെയും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇയാൾ പലപ്പോഴായി ഇത്തരത്തിൽ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായി കുട്ടികൾ മൊഴിനൽകി.