രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം; യൂത്ത്ലീഗ് കൽപ്പറ്റയിൽ സമരരാത്രി സംഘടിപ്പിച്ചു
കൽപ്പറ്റ: എതിർ ശബ്ദങ്ങൾ വേട്ടയാടുന്ന ഭരണകൂടത്തിനെതിരെ വയനാട് ജില്ലാ മുസ്ലിംയൂത്ത്ലീഗ് സമരരാത്രി സംഘടിപ്പിച്ചു. രാഹുൽഗാന്ധി എം.പിയെ അയോഗ്യനാക്കിയ പാർലമെൻ്റ് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചും രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
കൽപ്പറ്റ പിണങ്ങോട് ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി നഗരം ചുറ്റി എച്ച്.ഐ.എം.യു.പി സ്കൂൾ പരിസരത്ത് സമാപിച്ചു. പന്തം കൊളുത്തി നടത്തിയ പ്രകടനത്തിൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, ജില്ലാ പ്രസിഡന്റ് എം.പി നവാസ്, ജനറൽ സെക്രട്ടറി ഇൻചാർജ് സി.എച്ച് ഫസൽ, ട്രഷറർ ഉവൈസ് എടവെട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.