വെൺമണി സ്വദേശിനിയായ വീട്ടമ്മയെ ആറു ദിവസമായി കാണാനില്ലെന്ന് പരാതി
തലപ്പുഴ : വീട്ടമ്മയെ ആറു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. വെണ്മണി ചുള്ളിയിൽ ഇരട്ടപീടികയിൽ ലീലാമ്മ(65) യെയാണ് കാണാതായത്.
മരുന്നുവാങ്ങാനെന്ന പേരിൽ മാർച്ച് നാലിനാണ് ഇവർ വീട്ടിൽനിന്നുപോയത്. തിരിച്ചെത്താത്തതിനെ തുടർന്ന് വൈകീട്ട് ബന്ധുക്കൾ തലപ്പുഴ പോലീസിൽ പരാതിനൽകി. സുൽത്താൻ ബത്തേരിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യ ബസിൽ ഇവർ യാത്രചെയ്തതായി പിന്നീട് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ണൂർ കോളയാട് ഇറങ്ങി ചങ്ങലഗേറ്റ് എന്ന സ്ഥലത്ത് എത്തിയതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ നിന്ന് കിട്ടുകയും ചെയ്തു. അവിടെനിന്നും നരിക്കോട്ട് മലയിലേക്കു പോകുന്ന വനത്തിലെ വഴിയിൽ വെച്ച് വീട്ടമ്മയെ പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടതായി അറിയിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ജീവനക്കാരും പ്രദേശവാസികളും ബന്ധുക്കളും ഈ ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് മക്കൾ പരാതി നൽകിയിട്ടുണ്ട്.