ചരക്കെടുക്കാൻ ബംഗളുരുവിലേക്ക് പോയ വയനാട് സ്വദേശിക്ക് നേരെ കവർച്ചാ സംഘത്തിന്റെ ആക്രമണം ; മൽപ്പിടുത്തത്തിനൊടുവിൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പനമരം : മെഴുകെടുക്കാൻ ബംഗളുരുവിലേക്ക് പോയ പനമരം സ്വദേശിക്ക് കവർച്ചാ സംഘത്തിന്റെ ആക്രമണം. പനമരം പൂവത്താൻകണ്ടി അഷ്റഫിനാണ് കവർച്ചാ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ 2.30 ഓടെ മൈസൂർ – ബാംഗ്ലൂർ എക്സ്പ്രസ് ഹൈവേയിൽ ആയിരുന്നു സംഭവം.
പനമരത്തെ മെഴുകുതിരി ഫാക്ടറിയിലേക്ക് മെഴുകെടുക്കാനായി പോവുന്നതിനിടെയായിരുന്നു അക്രമണം. യാത്രയ്ക്കിടെ വിജനമായ പ്രദേശത്ത് വെച്ച് മൂത്രമൊഴിക്കാനായി വാഹനം നിർത്തിയപ്പോയായിരുന്നു ആക്രമണം ഉണ്ടായത്. രണ്ടുപേർ എത്തി പിക്കപ്പിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും കത്തി എടുത്ത് അഷറഫിന്റെ കഴുത്തിൽ വെക്കുകയുമായിരുന്നു. പ്രാണരക്ഷാർത്തം അഷ്റഫ് ഇരുകൈകളും കൊണ്ട് കത്തിയിൽ അമർത്തി പിടിച്ചു. ഇരുമ്പിന്റെ പഴക്കംചെന്ന കത്തിയായിരുന്നു. അക്രമികളിൽ ഒരാൾ അഷ്റഫിനെ കൈകൊണ്ടും ആക്രമിച്ചു.
മൽപിടുത്തത്തിനൊടുവിൽ അഷ്റഫ് ഡോർ ശക്തിയായി തുറന്നപ്പോൾ രണ്ടുപേരും തെറിച്ചുവീണു. വേഗം ഗ്ലാസ് കയറ്റി വാഹനം എടുത്ത് പോവാൻ ശ്രമിച്ചെങ്കിലും അക്രമികൾ വലതു വശത്തെ ഗ്ലാസ് തല്ലിതകർത്ത് വീണ്ടും മർദ്ദിച്ചു. ഇതിനിടെ പിന്നിൽ നിന്നും ഒരു കാർ വന്നുനിർത്തി. ഇതോടെ അക്രമികൾ ഓടിമറഞ്ഞു.
പിന്നീട് തുണി എടുത്ത് മുറിവുകൾ കെട്ടി പിക്കപ്പെടുത്ത് ബാംഗ്ലൂരിലേക്ക് യാത്ര തുടർന്നു. മെഴുക് എടുത്ത് തിങ്കളാഴ്ച രാവിലെയാണ് അഷ്റഫ് വീട്ടിലെത്തിയത്. തുടർന്ന് പനമരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. നേരത്തെ സംഭവസ്ഥലത്തു നിന്നും കുറെ മാറി മൂത്രം ഒഴിക്കാൻ വാഹനം നിർത്തിയെങ്കിലും പോലീസെത്തി ഓടിച്ചിരുന്നു. അതിനാൽ ഉൾഭയം കൊണ്ട് അക്രമണത്തിൽ പരാതിപ്പെടാതെ മടങ്ങുകയായിരുന്നെന്ന് അഷ്റഫ് പറഞ്ഞു.