കായക്കുന്നിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു
പനമരം : കാട്ടുപന്നികളുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. രണ്ടാംമൈൽ പാതിരിയമ്പം റോഡിലെ പനയ്ക്കൽ പൗലോസിന്റെ ഭാര്യ ഷൈനി (54) നാണു പരിക്കേറ്റത്.
ഇന്നലെ രാവിലെ 9.30 ന് മീൻ വാങ്ങുന്നതിനായി രണ്ടാംമൈൽ ജംങ്ഷനിലേക്ക് പോകുന്നതിനിടെ സമീപത്തെ റോഡിൽ വച്ചാണ് കൂട്ടമായി എത്തിയ കാട്ടുപന്നികൾ ഷൈനിയെ ആക്രമിച്ചത്. പരിക്കേറ്റ ഷൈനിയെ ആദ്യം പനമരം സി.ച്ച്.സിയിലും പിന്നീട് മാനന്തവാടി ഗവ.മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
20 ഓളം കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി ഷൈനിയുടെ കാലിനാണ് ആദ്യം ആക്രമിച്ചത്. നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ പന്നികൾ കയറി ഇറങ്ങി. ഇതിനിടെ അബോധാവസ്ഥയിലായ ഷൈനി നാട്ടുകാർ ഒച്ചവെച്ചതോടെയാണ് രക്ഷപ്പെട്ടത്. വീട്ടിൽ നിന്നിറങ്ങി 20 മീറ്ററോളം അകലെയായിരുന്നു അപ്രതീക്ഷിത ആക്രമണം. തുടർന്ന് പരിസരവാസികൾ ഓടിക്കൂടി ഷൈനിയെ പനമരത്തെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തിങ്കളാഴ്‌ച ഷൈനി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിമടങ്ങി.