പനമരത്തെ ട്രാഫിക് പരിഷ്കരണം പ്രസിഡന്റ് ഏകപക്ഷീയമായി അട്ടിമറിച്ചു : യു.ഡി.എഫ് അംഗങ്ങൾ
പനമരം : പനമരം ടൗണിലെ പുതിയ ട്രാഫിക് പരിഷ്കരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയമായി അട്ടിമറിച്ചെന്ന ഗുരുതര ആരോപണവുമായി യു.ഡി.എഫ് ഭരണ സമിതിയംഗങ്ങൾ. വിവാദങ്ങൾക്കിടെ ഒട്ടേറെ അഡ്വൈസറി യോഗങ്ങൾക്ക് ശേഷം ഭരണഭസമിതി ഐക്യകണ്ഠേന നടപ്പിലാക്കാൻ തീരുമാനിച്ച പുതിയ പരിഷ്കാരം പ്രസിഡന്റ് ചില ബാഹ്യ ഇടപെടലുകളുടെ സമ്മർദ്ദത്താൽ അട്ടിമറിച്ചെന്ന് യു.ഡി.എഫ് അംഗങ്ങൾ പത്രസമ്മേളത്തിൽ ആരോപിച്ചു. ഫെബ്രുവരി ഒന്നു മുതൽ നടപ്പിലാക്കേണ്ട പുതിയ പരിഷ്കാരം പ്രസിഡന്റ് ഭരണ സമിതിയുമായി കൂടി ആലോചിക്കാതെ ഒറ്റയ്ക്ക് മരവിപ്പിച്ചെന്നാണ് യു.ഡി.എഫ് അംഗങ്ങൾ പറയുന്നത്. പുതിയ സംവിധാനം നടപ്പിൽ വരുത്തേണ്ട പോലീസും നോക്കുകുത്തികളായി മാറുകയാണ്.
ഗതാഗത പരിഷ്കാരം നടപ്പിലാക്കുന്നതിനായി പനമരത്ത് പുതുതായി ചാർജെടുത്ത പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കൂടി ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം പഞ്ചായത്തിൽ യോഗം ചേർന്നിരുന്നു. പോരായ്മകൾ നികത്തി പുതുതായി നടപ്പിലാക്കേണ്ട പരിഷ്ക്കാരങ്ങളുടെ ലിസ്റ്റ് യോഗം അംഗീകരിച്ച് പ്രസിഡന്റ് ഒപ്പിട്ട് എസ്.എച്ച്.ഒയ്ക്ക് കൈമാറിയിരുന്നു. എന്നാൽ തുർന്നുണ്ടായ ബാഹ്യ ഇടപെടലുകൾ മൂലം പ്രസിഡന്റ് സ്റ്റേഷൻ ഓഫീസറെ വിളിച്ച് അടുത്ത ഒരു മാസത്തേക്ക് കൂടി പരിഷ്ക്കാരം നടപ്പിലാക്കരുതെന്നും താല്കാലികമായി മരവിപ്പിക്കണമെന്നും നിർദ്ദേശിച്ചതായാണ് ട്രാഫിക് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ കൂടിയായ യു.ഡി.എഫ് അംഗങ്ങൾ പറയുന്നത്. ഇതോടെ പനമരത്തെ ഗതാഗതക്കുരുക്കിന് പരിഹാരം ആവേണ്ട പരിഷ്കാരം നീളുകയാണ്. പഞ്ചായത്ത് ഭരണ സമിതി എടുത്ത തീരുമാനത്തിന് യാതൊരു വിലയും കൽപ്പിക്കാത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും, തന്മൂലം പൊതുജനം ദുരിതം പേറുകയാണെന്നും യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.
പല തവണ പത്രസമ്മേളനം വിളിച്ച് പുതിയ ട്രാഫിക് സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പിൽ വരുത്തുന്നതിന് മുമ്പ് ചിലരുടെ ഇടപെടൽ മൂലം പ്രസിഡന്റ് തീരുമാനത്തിൽ നിന്നും ഉൾവലിയുന്ന പ്രവണതയാണ് കാണുന്നത്. മറ്റുള്ള ഭരണ സമിതി അംഗങ്ങളെ കളിയാക്കുന്ന സഹചര്യമാണ്. മുൻ ഭരണ സമിതിയുടെ കാലത്തെല്ലാം പുതിയ ഗതാഗത പരിഷ്കാരം കൊണ്ടുവരുമ്പോൾ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇവ പിന്നീട് ചർച്ച ചെയ്ത് തീരുമാനം നടപ്പിലാക്കുകയാണ് പതിവ്. എന്നാൽ ഈ പ്രസിഡന്റ് വ്യാപാരികളുടേയും, ഓട്ടോ ടാക്സി തൊഴിലാളികളുടേയും എതിർപ്പുകളിൽ മുട്ടു കുത്തുന്ന അവസ്ഥയാണ്. അതിനാലാണ് കഴിഞ്ഞവർഷം ഏപ്രിൽ ഒന്നുമുതൽ ടൗണിൽ ട്രാഫിക്ക് പരിഷ്കാരങ്ങൾ ആര് എതിർത്താലും നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടും നടപ്പിലക്കാൻ സാധിക്കാത്തത്. ഇത്തരത്തിൽ പല പദ്ധതികളും പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുകയാണ്. ടൗണിന്റെ സൗന്ദര്യവത്കരണവും , നവീകരണവുമെല്ലാം ഇതിന് ഉദാഹരണങ്ങളാന്നെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
പത്രസമ്മേളനത്തിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ, സ്ഥിരം സമിതി അംഗങ്ങളായ കെ.ടി. സുബൈർ, ഷീമാമാനുവൽ, അംഗങ്ങളായ വാസു അമ്മാനി, എ.സി. ജെയിംസ് , എം.കെ ആഷിക് എന്നിവർ പങ്കെടു.ത്തു.