September 20, 2024

കേളോംകാരുടെ കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പാലം എത്തും: ബജറ്റിൽ എട്ടുകോടി 

1 min read
Share

 

Report : RAZAK C. PACHILAKKAD 

പനമരം: കാൽനൂറ്റാണ്ടിലേറെ പുഴ കടക്കാൻ ഒരു പാലത്തിനായി കാത്തിരുന്ന കോളോംകടവ് നിവാസികളുടെ സ്വപ്നങ്ങൾ പൂവണിയും. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ കോളാംകടവ് പാലത്തിനായി എട്ടുകോടി രൂപ വകയിരുത്തിയതാണ് നൂറുകണക്കിന് കുടുംബങ്ങൾക്ക് താങ്ങായി മാറുക.

 

പനമരം പഞ്ചായത്തിലെ നാലാം വാർഡിലെ ചെറുകാട്ടൂര്‍ കേളോം കടവില്‍ കബനിക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. നീര്‍വാരം, ചെറുകാട്ടൂര്‍ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കേണ്ട പാലം കടലാസിൽ മാത്രം ഒതുങ്ങിയതു മൂലം നാട്ടുകാർ നേരിടുന്ന ദുരിതം ന്യൂസ് ടുഡെ വയനാട് മുമ്പ് വാർത്ത നൽകിയിരുന്നു.

 

പനമരത്ത് നിന്നും ആറ് കിലോമീറ്റർ ചുറ്റളവിലുള്ള ചെറുകാട്ടൂരിലെ കേളോംകടവിൽ ഒരു കോൺഗ്രീറ്റ് പാലം വേണമെന്ന ആവശ്യം ശക്തമാവുന്നത് 1995- 96 കാലഘട്ടത്തിലാണ്. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗശല്യത്താൽ പൊറുതിമുട്ടുന്ന ദാസനക്കര, നീർവാരം പ്രദേശത്തുകാർക്കാണ് പാലം കൊണ്ട് കൂടുതൽ ഉപകാരപ്രഥമാവുക. സന്ധ്യമയങ്ങുന്നതോടെ റോഡിലൂടെ കാട്ടാനകൾ വിഹരിക്കുന്നതോടെ അടിയന്തിര ആശുപത്രി ആവശ്യങ്ങൾക്കു പോലും പുറത്തിറങ്ങാനാവാതെ പ്രയാസപ്പെടുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്രയമാവുന്നതായിരുന്നു പാലം. കേളോംകടവിൽ പാലം ഒരുക്കുന്നതിനായി 1998 ൽ ചെറുകാട്ടൂരിലെയും നീർവാരത്തെയും നാട്ടുകാർ ചേർന്ന് ചെറുകാട്ടൂർ, കല്ലുവയൽ വികാരിമാരുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒട്ടേറെ നിവേദനങ്ങൾക്കും ആവശ്യങ്ങൾക്കുമൊടുവിൽ 2005 ഓടെ ജില്ലാ പഞ്ചായത്ത് ഇടപെട്ട് നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി പാലം പണിയാൻ പദ്ധതിയിട്ടു. പദ്ധതിയുടെ ഗുണഭോക്തൃ വിഹിതത്തിൻ്റെ 20 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ പനമരം, പുൽപ്പള്ളി പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിറ്റിയും കണ്ടെത്തണമായിരുന്നു. നബാർഡ് 11 കോടി രൂപയുടെ പദ്ധതിയ്ക്കായിരുന്നു തുടക്കം കുറിക്കാൻ ഉദ്ദേശിച്ചിരുന്നത്. നീർവാരം ഭാഗത്ത് ഒരു കിലോമീറ്റർ ദൂരത്തിലും, വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ചെറുകാട്ടൂർ ഭാഗത്ത് ഉയർത്തിയും അപ്രോച്ച് റോഡും ഇതോടൊപ്പം ഒരുക്കാനായിരുന്നു പദ്ധതി. പാലത്തിൻ്റെ മാതൃകയും മറ്റും ഒരുക്കുകയും ചെയ്തെങ്കിലും പിന്നീട് നിർമാണം ഒന്നും തന്നെ നടക്കാതെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

 

നിലവില്‍ നീര്‍വാരം, ദാസനക്കര പ്രദേശത്തെ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പുഞ്ചവയൽ വഴി പത്ത് കിലോമീറ്ററോളം ചുറ്റിയാണ് പനമരത്തേക്ക് യാത്ര ചെയ്യുന്നത്. അതുപോലെ കേളോംകടവിൽ നിന്നും നീർവാരം സർക്കാർ സ്കൂളിലേക്കുള്ള വിദ്യാർഥികൾ 15 കിലോമീറ്ററിലധികം ചുറ്റിയാണ് സഞ്ചരിക്കുന്നത്. എന്നാൽ കേളോം കടവിൽ പാലം വന്നാൽ ഒരു കിലോമീറ്റർ നടന്ന് നീർവാരത്തെ സ്കൂളിലെത്താൻ സാധിക്കും. ചെറുകാട്ടൂര്‍, കോളോംകടവ് ഭാഗത്തുള്ള നിരവധി കുട്ടികള്‍ പഠിക്കുന്നത് നീര്‍വാരം സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലാണ്. പൊതുയാത്ര വാഹനമില്ലെങ്കില്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാല്‍ ചിലവ് കൂടുന്ന യാത്ര കൂടിയാണിതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

 

വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് ദാസനക്കര – നീരവാരം – പനമരം റോഡ്. വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ ഇവിടങ്ങളിൽ ആനക്കൂട്ടങ്ങളെത്തുന്നത് പതിവാണ്. എന്നാൽ കേളോം കടവ് ഭാഗത്തേക്ക് കാട്ടാനകൾ എത്താറേയില്ല. കോളോം കടവില്‍ പാലം വന്നാല്‍ നീര്‍വാരത്തുള്ളവര്‍ക്ക് വന്യമൃഗശല്യമില്ലാതെ മാനന്തവാടിയിലേക്കും മറ്റും പോകാനാകും. ദാസനക്കര പ്രദേശത്ത് ആനയിറങ്ങുന്നതിനാല്‍ രാത്രികാലങ്ങളില്‍ അതുവഴിയുള്ള യാത്ര സാധ്യമല്ല. പാലം നിര്‍മിക്കുകയാണെങ്കില്‍ ടൂറിസത്തിന് കൂടി പ്രയോജനപ്പെടുത്താവുന്നതാണ്. ബാണാസുര അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് പിന്നീട് സമയം പാഴാക്കാതെ എത്തിച്ചേരാവുന്ന ടൂറിസം കേന്ദ്രമാണ് കുറുവ ദ്വീപ്. കേളോംകടവിൽ പാലം വന്നാല്‍ ഇത് കൂടുതല്‍ എളുപ്പമാകും. മാനന്തവാടിക്കാര്‍ക്കും എളുപ്പത്തില്‍ കുറവയിലേക്ക് കേളോം വഴിയെത്താം. നിരവധി കർഷകർ ഉള്ള ഈ പ്രദേശങ്ങളിൽ പാലം വലിയ മാറ്റങ്ങൾക്കും വഴിയൊരുക്കും.

 

പാലത്തിന് ബജറ്റിൽ തുക അനുവദിച്ചതോടെ പ്രദേശവാസികൾ ഏറെ സന്തോഷത്തിലാണ്. പാലം യാഥാർഥ്യമാവുന്നതോടെ ജില്ലയിലെ ടൂറിസവികസത്തിന് ഏറെ പ്രയോചനകരമാവും. വന്യമൃഗ ഭീതികൂടാതെ പനമരത്ത് നിന്നും ദാസനക്കര വഴി കുറുവാ ദ്വീപിലേക്കും മറ്റും എത്താൻ സഹായകമാവും.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.