വയനാട്ടിലെ ഗോത്രസാരഥി പദ്ധതി പ്രതിസന്ധിയില്‍ ; മാസങ്ങളായി വാടകയില്ലെന്ന് ഡ്രൈവര്‍മാർ
കൽപ്പറ്റ : പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി തുടങ്ങിയ ഗോത്രസാരഥി പദ്ധതി പ്രതിസന്ധിയില്‍. വയനാട് ജില്ലയിലെ പലയിടങ്ങളിലും കുട്ടികളെ സ്കൂളിലെത്തിക്കാന്‍ വാഹനമോടിച്ചവര്‍ക്ക് മാസങ്ങളായി വാടക നല്‍കിയിട്ടില്ല. എസ്‌എസ്‌എല്‍സി പരീക്ഷ അടുത്തിരിക്കെ പദ്ധതി നിലച്ചാല്‍ ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനം വഴിമുട്ടും.
ആദിവാസി ഊരുകളില്‍ നിന്ന് കുട്ടികളെ സ്കൂളുകളിലെത്തിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സൗജന്യ വാഹന സൗകര്യം ഒരുക്കിയത്. ഇതിന് വേണ്ട ഫണ്ട് വര്‍ഷങ്ങളായി പട്ടികവര്‍ഗ വികസന വകുപ്പാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഈ അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകള്‍ പണം കണ്ടെത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ ഒട്ടുമിക്ക സ്കൂളുകളിലും വാഹനവാടക നല്‍കാനുള്ള ഫണ്ട് ലഭിക്കാതെയായി. 5 മാസകാലമായി വാടക ലഭിക്കാത്തതിനാല്‍ ഇനി മുന്നോട്ടു പോകാനാകില്ലെന്ന് കരാര്‍ ഏറ്റെടുത്ത വാഹന ഉടമകള്‍ പറയുന്നു.
ഗോത്ര സാരഥി പദ്ധതി നിലച്ചാല്‍ വനത്താല്‍ ചുറ്റപ്പെട്ട മേഖലകളില്‍ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയാകും. വയനാട്ടില്‍ പദ്ധതി നടത്തിപ്പിനായി ഒരു അധ്യയന വര്‍ഷം 18 കോടിരൂപയോളം ചെലവ് വരും. ഈ ഭാരിച്ച തുക സ്വന്തം നിലയ്ക്ക് കണ്ടെത്താനാകില്ലെന്ന് ജില്ലാ പഞ്ചായത്ത് നേരെത്തെ തന്നെ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.