പനമരം ടൗണിലെ അനധികൃത പാർക്കിംഗ് ആദ്യം ഒഴിവാക്കണം – എ.ഐ.ടി.യു.സി
പനമരം : പനമരത്തെ പുതിയ ട്രാഫിക് പരിഷ്കാരത്തിൽ വിവാദം കനക്കുന്നു. പനമരത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെങ്കിൽ ടൗണിൽ ആദ്യമായി ഒഴിവാക്കേണ്ടത് റോഡിന്റെ ഇരുവശത്തുമുള്ള അനധികൃത പാർക്കിംഗ് ആണെന്ന് എ.ഐ.ടി.യു.സി പനമരം പഞ്ചായത്ത് കമ്മിറ്റി.
ദൂരദേശങ്ങളിൽ യാത്ര പോകുന്നവർ ഉൾപ്പെടെ റോഡരികിൽ രാവിലെ ബൈക്കും കാറും വെച്ച് ലോക്ക് ചെയ്തതിനു ശേഷം ബസ്സിൽ കയറി പോകുന്നത് സ്ഥിരം പരിപാടിയാണ്. ഇത്തരം സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പഞ്ചായത്ത് സ്വന്തം ചിലവിൽ പാർക്കിംഗ് ഏരിയ ഉണ്ടാക്കി കൊടുക്കണം. അല്ലെങ്കിൽ ടൗണിൽ പാർക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് ഫീസ് ഈടാക്കുകയോ ചെയ്യണം. അല്ലാതെ ടാക്സി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്. ടൗണിൽ നിർബന്ധമായും വേണ്ട ഓട്ടാറിക്ഷ സ്റ്റാൻഡ് വെട്ടിക്കുറച്ചത് ന്യായീകരിക്കാനും ആവില്ല.
യോഗത്തിൽ എ.ഐ.ടി.യു.സി പനമരം പഞ്ചായത്ത് ജനറൽ സെക്രട്ടറി കാദർകുട്ടി കാര്യാട്ട്, പ്രസിഡന്റ് അബ്ബാസ് മഠത്തിൽ, വൈസ് പ്രസിഡന്റ് മേളയിൽ സജീവൻ, ബി.പി.ആലി തോണിമൂല, സി.കെ നിസാർ കൈതക്കൽ എന്നിവർ സംസാരിച്ചു.