തിരുനെല്ലിയിൽ ബസ് തടഞ്ഞുനിർത്തി കവർച്ച; ഒരാൾ കൂടി അറസ്റ്റിൽ
മാനന്തവാടി : തിരുനെല്ലി തെറ്റ്റോഡിൽ ബസ് തടഞ്ഞുനിർത്തി കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി.
രാമനാട്ടുകര ഫറോക്ക് കോളേജ് റോഡിലെ കുമ്പിയാലകത്ത് വീട്ടിൽ മുഹമ്മദ് ഷാഫിയെ (35) ആണ് മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.
ഒക്ടോബർ അഞ്ചിന് പുലർച്ചെ 3.45-നായിരുന്നു കേസിനാസ്പദമായ സംഭവം. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയാണ് കവർച്ചയ്ക്കിരയായത്. 1.40 കോടി രൂപ കവർന്നെന്നാണ് ഇദ്ദേഹം പോലീസിൽ നൽകിയ പരാതി. തോല്പെട്ടി ചെക്പോസ്റ്റ് വഴി വന്ന ബസ് തിരുനെല്ലി- തെറ്റ്റോഡ് കവലയിലെത്തിയപ്പോൾ തടഞ്ഞുനിർത്തി കവർച്ച ചെയ്ത് സംഘം മടങ്ങുകയായിരുന്നു. മുഹമ്മദ് ഷാഫിയെ മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.