കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കണം – കെ.കെ രമ
പനമരം : വയനാട്ടിലെ കർഷകരുടെ കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കണമെന്ന് ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റിയംഗവും വടകര എം.എൽ.എയുമായ കെ.കെ രമ അഭിപ്രായപ്പെട്ടു. പനമരത്ത് ആർ.എം.പി.ഐ വയനാട് ജില്ലാ കൺവെൻഷനിലും പൊതുയോഗത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
കാർഷികവൃത്തിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന വയനാട്ടിലെ കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തത് ഖേദകരമാണ്. സംസ്ഥാന സർക്കാർ പട്ടയമേളകൾ സജീവമായി നടത്തുമ്പോഴും വയനാട്ടിലെ ആദിവാസികൾ സ്വന്തമായി ഭൂമിയില്ലാതെ ദുരിതത്തിലാണ്. ആദിവാസികളുടെ ഭൂമിയ്ക്ക് പട്ടയം ഉറപ്പാക്കാൻ നടപടി ഉണ്ടാവുന്നില്ല. അതുപോലെ ഭൂമി ഇല്ലാത്തവന് ഭൂമി കൊടുക്കാനും നടപടിയുണ്ടാവുന്നില്ല. കേരളത്തിലെ ക്രമസമാധാന നില തകർന്നിട്ടും സർക്കാർ നോക്കുകുത്തിയായി മാറുകയാണെന്നും രമ ആരോപിച്ചു.
ജില്ലാ കൺവെൻഷൻ ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം മാർക്കോസ് ബത്തേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആർ രാമകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം പി.യു ബൈജു എന്നിവർ സംസാരിച്ചു.