രാജ്യത്ത് 5 ജി അതിവേഗ സേവനത്തിന് തുടക്കമായി ; ആദ്യഘട്ടത്തില്‍ 13 നഗരങ്ങളിൽ 5 ജി എത്തും
ന്യൂഡല്‍ഹി : അഞ്ചാം തലമുറ ടെലികോം സേവനങ്ങള്‍ക്ക് രാജ്യത്ത് ഔദ്യോഗിക തുടക്കം. ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ അഞ്ചാം പതിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ക്കു നാന്ദി കുറിച്ചത്. ആദ്യഘട്ടത്തില്‍ 13 ഇന്ത്യന്‍ നഗരങ്ങളിലാകും സേവനം ലഭ്യമാകുക. കേരളത്തില്‍ അടുത്ത വര്‍ഷമേ 5ജി സേവനം ലഭ്യമാകൂ.
ന്യൂഡല്‍ഹി, ജാംനഗര്‍, ചണ്ഡിഗഢ്, ചെന്നൈ, കൊല്‍ക്കത്ത, ഗുരുഗ്രാം, പൂനെ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യം 5ജി എത്തുന്നത്. ഈ നഗരങ്ങളില്‍ ഇന്നുമുതല്‍ തന്നെ അതിവേഗസേവനം ലഭ്യമാകുമെന്ന് എയര്‍ടെല്‍ അറിയിച്ചു. 2023 ഡിസംബറോടെ രാജ്യത്തെ മുഴുവന്‍ താലൂക്കുകളിലും സേവനം ലഭ്യമാക്കുമെന്ന് ജിയോയും അറിയിച്ചിട്ടുണ്ട്.
തുടക്കത്തില്‍ താരിഫില്‍ മാറ്റമുണ്ടാകില്ല. 4ജിയുടെ താരിഫില്‍ തന്നെയാകും 5ജി സേവനവും ലഭിക്കുക. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, ശതകോടീശ്വരന്മാരായ റിലയന്‍സ് ജിയോയുടെ മുകേഷ് അംബാനി, എയര്‍ടെല്ലിന്റെ സുനില്‍ ഭാരതി, വൊഡാഫോണ്‍ ഐഡിയയുടെ കുമാര്‍ മംഗളം ബിര്‍ള എന്നിവരെല്ലാം ചടങ്ങില്‍ സംബന്ധിച്ചിരുന്നു.