March 15, 2025

കേരളത്തിലെ ക്രൈസ്തവ വോട്ടിനെ സ്വാധീനിക്കാനാകുന്നില്ലെന്ന് ബി.ജെ.പി റിപ്പോര്‍ട്ട് ; ഹിന്ദു വോട്ടുകളും ഏകീകരിക്കാന്‍ കഴിയുന്നില്ല

Share

 

കേരളത്തിലെ ക്രൈസ്തവ വോട്ടുബാങ്കിനെ പാര്‍ട്ടിക്ക് സ്വാധീനിക്കാന്‍ കഴിയുന്നില്ലെന്ന് കേരളത്തെ കുറിച്ച്‌ പഠിക്കാന്‍ ബി.ജെ.പി നിയോഗിച്ച കേന്ദ്രമന്ത്രിമാരുടെ റിപ്പോര്‍ട്ട്. മറ്റുപാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാന്‍ കാര്യമായ ശ്രമം നടക്കുന്നി​ല്ലെന്നും കേന്ദ്രമന്ത്രിമാര്‍ തയ്യാറാക്കി ദേശീയ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുകൂല സാഹചര്യമുണ്ടായിട്ട് കൂടി കേരളത്തിലെ ഹിന്ദു വോട്ടുകള്‍ വേണ്ടത്ര ഏകീകരിക്കാന്‍ കഴിയുന്നില്ലെന്നും റി​പ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ഇത് മറികടക്കാന്‍ കാര്യമായ പരിശ്രമം വേണമെന്നാണ് നിര്‍ദേശം.

 

മറ്റു പാര്‍ട്ടികളില്‍ നിന്ന് വരാന്‍ ആഗ്രഹിക്കുന്നവരെ ബി.ജെ.പിയിലെത്തിക്കാന്‍ വേണ്ടത്ര ശ്രമം നടക്കുന്നില്ല. തെലങ്കാനയിലും തമിഴ്നാട്ടിലും നടക്കുന്ന സംഘടാന പ്രവര്‍ത്തനം കേരളത്തില്‍ മാതൃകയാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിയവോട്ടിന് തോറ്റ 144 മണ്ഡലങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ കേന്ദ്രമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷകന്‍ ജെ.പി. നഡ്ഢയും വിളിച്ച യോഗത്തില്‍ ചര്‍ച്ച ചെയ്തു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദര്‍ യാദവ്, നരേന്ദ്ര സിങ് തോമര്‍, സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂര്‍, മന്‍സൂഖ് മാണ്ഡവ്യ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഈ മണ്ഡലങ്ങളില്‍ പകുതി സീറ്റിലെങ്കിലും 2024​ലെ തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണ് ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയ കേന്ദ്രമന്ത്രിമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബി.ജെ.പി നേരിയവ്യത്യാസത്തിന് തോറ്റ മണ്ഡലങ്ങള്‍. ഈ മണ്ഡലങ്ങളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച്‌ കേന്ദ്രമന്ത്രിമാര്‍ക്ക് ചുമതല നല്‍കും. കേരളത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളാണ് പാര്‍ട്ടി പരിഗണിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കണ​മെന്നാണ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ നിര്‍ദേശം.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.