ആശങ്ക ഒഴിവായി ; വയനാട്ടിലെ യുവതിയുടേത് മങ്കി പോക്സിന്റെ ലക്ഷണമല്ലെന്ന് പരിശോധന ഫലം
മാനന്തവാടി : ജില്ലയില്‍ കുരങ്ങു വസൂരി രോഗലക്ഷണങ്ങളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതിക്ക് കുരങ്ങു വസൂരിയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.
രോഗ സ്ഥിരീകരണത്തിന്റെ ഭാഗമായി യുവതിയുടെ ചര്‍മ്മത്തിലെ രോഗ ലക്ഷണം കണ്ടയിടത്തെ സാമ്പിളുകള്‍ ആലപ്പുഴ നാഷണല്‍ വൈറോളജി ലാബിലേക്കയച്ചതിലാണ് രോഗബാധയില്ലെന്നുള്ള പരിശോധനാ ഫലം വന്നത്. രക്തം, തൊണ്ടയിലെ സ്രവം എന്നിവയുടെ പരിശോധനാ ഫലം ഇനിയും പുറത്ത് വരാനുണ്ട്. കുരങ്ങു വസൂരി രോഗബാധിതയല്ലെന്നുള്ള ഫലം പുറത്ത് വന്നതിന്റെയും, നിലവില്‍ മറ്റ് അവശതകളില്ലാത്തതിനാലും യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ജൂലൈ 15 ന് യു.എ.ഇയില്‍ നിന്നും വന്ന പൂതാടി സ്വദേശിനിയായ 38 കാരിയെയാണ് രോഗ ലക്ഷണങ്ങളോടെ ഇന്നലെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ശാരീരികാസ്വാസ്ഥ്യങ്ങളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്ക് കുരങ്ങു വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീര സ്രവമടക്കമുള്ളവ പരിശോധനക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കയക്കുകയായിരുന്നു.