August 31, 2026

പത്താം ക്ലാസ് പാസായവര്‍ക്ക് കേരള ഹൈക്കോടതിയില്‍ ജോലി നേടാം; സെപ്‌തംബർ 26 വരെ അപേക്ഷിക്കാം

Share

 

പത്താം ക്ലാസ് പാസായവർക്ക് കേരള ഹൈക്കോടതിയില്‍ തൊഴില്‍ നേടാൻ അവസരം. ഗാർഡനർ തസ്‌തികയിലേക്കുള്ള നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയുള്ളവർക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്. നിലവില്‍ അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ ഉണ്ടാകുന്ന ഒഴിവുകളും ഈ ലിസ്റ്റില്‍ നിന്നാണ് നികത്തുന്നത്. കുറഞ്ഞത് ഒരു വർഷത്തേക്ക് അല്ലെങ്കില്‍ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ ഈ ലിസ്റ്റ് പ്രാബല്യത്തിലുണ്ടാകും.

 

സെപ്‌തംബർ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്‌തംബർ 30 മുതല്‍ ഒക്‌ടോബർ ഏഴ് വരെ ഫീസ് അടയ്‌ക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,700 രൂപ മുതല്‍ 52,600 രൂപ വരെ മാസം ശമ്പളമായി ലഭിക്കും. 18നും 40നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്.വിമുക്തഭടന്മാർക്ക് സേവനത്തിന് ശേഷമുള്ള തൊഴിലില്ലായ്‌മ കാലയളവിന് ആനുപാതികമായി അഞ്ച് വർഷം വരെ പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതായിരിക്കും. കാഴ്‌ചപരിമിതിയുള്ളവർക്കും കേള്‍വി കുറഞ്ഞവർക്കും 15 വർഷം വരെയും മറ്റ് വിഭാഗക്കാർക്ക് പത്ത് വർഷം വരെയും ഉയർന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്.

 

വേണ്ട യോഗ്യത

 

എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഗാർഡനിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ വിഎച്ച്‌എസ്‌ഇ (നഴ്‌സറി മാനേജ്‌മെന്റ് ആന്‍ഡ് ഓര്‍ണമെന്റല്‍ ഗാര്‍ഡനിംഗ്) അല്ലെങ്കില്‍ വിഎച്ച്‌എസ്‌ഇ അഗ്രിക്കള്‍ച്ചർ (പ്ലാന്റ് പ്രൊട്ടക്ഷൻ) അല്ലെങ്കില്‍ വിഎച്ച്‌എസ്‌ഇ അഗ്രിക്കള്‍ച്ചർ ഉള്ളവർക്ക് അപേക്ഷിക്കാം. ഹോർട്ടികള്‍ച്ചർ അല്ലെങ്കില്‍ ഫാം ജോലികളില്‍ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികള്‍ക്ക് മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

 

600 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും തൊഴിലില്ലാത്ത ഭിന്നശേഷിക്കാർക്കും ഫീസില്‍ ഇളവ് ലഭിക്കും. അഭിമുഖം, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. എറണാകുളത്തായിരിക്കും പരീക്ഷ. മറ്റ് വിശദവിവരങ്ങള്‍ക്കും അപേക്ഷകള്‍ സമർപ്പിക്കാനുമായി ഔദ്യോഗിക വെബ്‌സൈറ്റായ hckrecruitment.keralacourts.in സന്ദർശിക്കാവുന്നതാണ്.


Share
Copyright © All rights reserved. | Newsphere by AF themes.